ആദിവാസി ഭൂപ്രശ്നം: നടപടികള്‍ വേഗത്തിലാക്കും-മന്ത്രി കെ.രാധാകൃഷ്ണന്‍

കല്‍പറ്റ: വയനാട്ടിലെ ആദിവാസി ഭൂപ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിനു നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് പട്ടികജാതി-വര്‍ഗ വികസന മന്ത്രി കെ.രാധാകൃഷ്ണന്‍. കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന വയനാട്ടില്‍ ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം പ്രധാനപ്പെട്ടതാണ്. ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമിയും കിടപ്പാടവും നല്‍കുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതിനകം ഭൂമി പതിച്ചു കൊടുത്തവര്‍ക്കും സ്ഥലത്തു പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. അനാവശ്യ നിയമക്കുരുക്കുകള്‍ നിരവധി കുടുംബങ്ങളെയാണ് ബാധിക്കുന്നത്. വനം വകുപ്പുമായി ബന്ധപ്പെട്ട ഭൂപ്രശ്നങ്ങളില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകണമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഭവന പുനരുദ്ധാരണം, കോളനികളിലേക്കുള്ള റോഡ് നിര്‍മാണം, വൈദ്യുതീകരണം, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ടി.വി.അനുപമ, ജില്ലാ കലക്ടര്‍ എ.ഗീത, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, പട്ടികവര്‍ഗ വികസന ജോയിന്റ് ഡയറക്ടര്‍ പി.വാണിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. മരിയനാട് ഭൂപ്രശ്നം പരിഹരിക്കാന്‍ വനംവകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി കലക്ട്രേറ്റില്‍ തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു. വിഷയം ജൂണ്‍ 15നകം വനം മേധാവികളുമായി ചര്‍ച്ച ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles