ആദിവാസി ഊരുകളില്‍ സന്ദര്‍ശക വിലക്കില്ല-മന്ത്രി കെ.രാധാകൃഷ്ണന്‍

വയനാട് പൂക്കോടിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിച്ച് മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രസംഗിക്കുന്നു.

കല്‍പറ്റ: സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ സന്ദര്‍ശക വിലക്കില്ലെന്ന് പട്ടികവര്‍ഗ വികസന മന്ത്രി കെ.രാധാകൃഷ്ണന്‍. എന്‍ ഊരു ചാരിറ്റബിള്‍ സൊസൈറ്റി വയനാട്ടിലെ പൂക്കോട് ആരംഭിച്ച എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി കോളനികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് എന്ന സര്‍ക്കുലര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഗോത്ര സമൂഹത്തിന്റെയും കോളനികളുടെയും സുരക്ഷ കണക്കിലെടുത്ത് സദുദ്ദേശപരമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മവോവാദികളുടേതടക്കം ബാഹ്യ ഇടപെടലുകളില്‍നിന്നും കോളനികളെ സംരക്ഷിക്കുകയും ഗോത്രജനതയുടെ സൈ്വരജീവിതത്തിന് വിഘാതമാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയുമാണ് സര്‍ക്കുലറിലൂടെ ലക്ഷ്യമിട്ടത്. ഇതിനെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല.
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം വയനാടിന്റെ വികസനത്തില്‍ മറ്റൊരു നാഴികക്കല്ലാണ്. പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതാണ് എന്‍ ഊര് സംരംഭം.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ 500 അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം നടത്തും. ഇതില്‍ 200 പേരെ ഗോത്രവിഭാഗങ്ങളില്‍നിന്നായിരിക്കും. പട്ടികവര്‍ഗ കുട്ടികള്‍ വിദ്യാലയങ്ങളില്‍നിന്നു കൊഴിഞ്ഞുപോകുന്നതു തടയുന്നതിനു ആവിഷ്‌കരിച്ച ഗോത്ര സാരഥി പദ്ധതി മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
ഗോത്ര പൈതൃക ഗ്രാമം രണ്ടാം ഘട്ടം ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
ഗോത്ര പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ എന്‍ ഊരിനെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. മഴക്കാഴ്ച പ്രദര്‍ശന-വിപണന മേള ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ.ഗീത, പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ടി.വി.അനുപമ, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജീഷ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles