ബജറ്റ്: മനസ്സു തണുക്കാതെ വയനാട്ടിലെ കര്‍ഷക ജനത

കല്‍പറ്റ-ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം വയനാട്ടിലെ കര്‍ഷക ജനതയെ നിരാശയിലാക്കി. അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെ മനസ്സു തണുപ്പിക്കുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെന്ന അഭിപ്രായത്തിലാണ് ജില്ലയിലെ സ്വതന്ത്ര കര്‍ഷക സംഘടനകള്‍.
ജില്ലയില്‍ ബാങ്ക് വായ്പ കുടിശ്ശികയാക്കിയ നൂറുകണക്കിനു കൃഷിക്കാര്‍ സര്‍ഫാസി-ജപ്തി നടപടികള്‍ നേരിടുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തു മുഖ്യമന്ത്രി കല്‍പറ്റയില്‍ പ്രഖ്യാപിച്ച 7,000 കോടി രൂപയുടെ വയനാട് പാക്കേജില്‍ 1,000 കോടി രൂപ കര്‍ഷക കടാശ്വാസത്തിനു നീക്കിവെക്കണമെന്ന ആവശ്യം ഹരിതസേന, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം തുടങ്ങിയ കര്‍ഷക സംഘടകള്‍ ഉന്നയിച്ചിരുന്നു. ഇതേ ആവശ്യവുമായി ജില്ലാ ലീഡ് ബാങ്കിനു മുന്നില്‍ സമരങ്ങള്‍ സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മകള്‍ മുഖ്യമന്ത്രിക്കു ഉള്‍പ്പെടെ നിവേദനവും നല്‍കി. കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ക്കൂടി കുടിശ്ശികയായ കാര്‍ഷിക, കാര്‍ഷികേതര വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്നുമായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ അത് അസ്ഥാനത്തായി. കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനത്തിനു തുക വകയിരുത്തിതു ഒഴിച്ചാല്‍ കൃഷിക്കാരെ ഋണബാധ്യതയില്‍ കരകയറ്റുന്നതിനു ഉതകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെന്നു ഹരിതസേന ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ ചെയര്‍മാന്‍ പി.എം.ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
കാര്‍ഷിക വിഭവങ്ങളില്‍നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കി ആഭ്യന്ത്ര ഉല്‍പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ രൂപീകരിക്കുമെന്നു ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്. മൂല്യവര്‍ധിത കാര്‍ഷിക മിഷന്റെ പ്രവര്‍ത്തനത്തിനു അഞ്ചു കോടി രൂപയാണ് വകയിരുത്തിയത്. വയനാട് പാക്കേജില്‍ 75 കോടി രൂപ നീക്കിവെച്ചു. നെല്ലിന്റെ താങ്ങുവില കിലോഗ്രാമിനു 28.20 രൂപയായി ഉയര്‍ത്തി സംഭരണത്തിനു 50 കോടി നീക്കിവെച്ചിട്ടുണ്ട്. പച്ചക്കറി കൃഷി പ്രോത്സാഹനത്തിനു വി.എഫ്.പി.സി.കെയ്ക്കുള്ള അടങ്കല്‍ 14 കോടി രൂപയില്‍നിന്നു 25 കോടി രൂപയായി ഉയര്‍ത്തി. കര്‍ഷകര്‍ക്കും വിളകള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ വിഹിതം 30 കോടിയായി വര്‍ധിപ്പിച്ചു. വിളനാശത്തിനു അടിയന്തര സഹായം നല്‍കുന്നതിനു 7.5 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏഴു ജില്ലകളില്‍ അഗ്രി ടെക് ഫെസിലിറ്റി കേന്ദ്രം തുടങ്ങുമെന്നു പറയുന്ന ബജറ്റില്‍ മൃഗ സരംക്ഷണ മേഖലയ്ക്കുള്ള വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ബജറ്റിനെ കര്‍ഷക സൗഹൃദമാക്കുന്നതാണെന്നാണ് ഭരണാനൂകൂല പാര്‍ട്ടികളും സംഘടനകളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതിനോടു യോജിക്കാന്‍ സ്വതന്ത്ര കര്‍ഷക സംഘടനകള്‍ തയാറാകുന്നില്ല. നെല്ല് കിലോഗ്രാമിനു നിലവില്‍ 28 രൂപയാണ് താങ്ങുവില. എന്നിരിക്കെ താങ്ങുവിലയില്‍ 20 പൈസയുടെ വര്‍ധന വരുത്തുന്നതു നെല്‍ക്കൃഷിക്കാരെ പരിഹസിക്കുന്നതിനു തുല്യമാണെന്നു വയനാട് കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ഇ.പി.ഫിലിപ്പുകുട്ടി പറഞ്ഞു. വിളകളുടെ നാശം, വിലത്തകര്‍ച്ച എന്നിവ മൂലം ദുരിതത്തിലായ കൃഷിക്കാര്‍ക്കു നേരിട്ടു ആശ്വാസം പകരുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെന്നു അദ്ദേഹം വിമര്‍ശിച്ചു.
75 കോടി രൂപയുടെ വയനാട് പാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്നു നാഷണല്‍ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന സമിതിയംഗം ഗഫൂര്‍ വെണ്ണിയോട് പറഞ്ഞു. വയനാടിനെ സംബന്ധിച്ചിടത്തോളം ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്നു കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍.പൗലോസ് അഭിപ്രായപ്പെട്ടു.
മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു കുപ്രസിദ്ധമാണ് വയനാട്. വനത്തോടു ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ മേച്ചില്‍പ്പുറമാക്കിയിരിക്കയാണ് ആന ഉള്‍പ്പെടെ വന്യജീവികള്‍. കുറച്ചുകാലമായി കടുവ ശല്യവും രൂക്ഷമാണ്. എന്നിട്ടും കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും വന്യജീവി ശല്യത്തില്‍നിന്നു രക്ഷിക്കുന്നതിനു ഉതകുന്ന പദ്ധതികള്‍ ബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ല. മനുഷ്യ-വന്യമൃഗ സംഘര്‍ഷ
മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കു ദീര്‍ഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനു 25 കോടി രൂപ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ത്തന്നെ ഏഴു കോടി രൂപ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരമായി നല്‍കുന്നതിനാണ്. ബാക്കി 18 കോടി രൂപയാണ് എല്ലാ ജില്ലകളിലുമായി മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പദ്ധതികള്‍ക്കായി വിനിയോഗിക്കാനാകുക. ഈ സാഹചര്യത്തില്‍ ബജറ്റ് നിര്‍ദേശം വന്യജീവി ശല്യം മൂലം ദുരിതമനുഭവിക്കുന്ന ജന വിഭാഗത്തെ പരിഹസിക്കുന്നതിനു തുല്യമാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles