എ.ഐ.പി സ്‌കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം നടപ്പിലായില്ല

കല്‍പറ്റ: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെത്തുടര്‍ന്നു (ആര്‍.ടി.ഇ) കേരള സ്‌കൂള്‍ വിദ്യാഭ്യാസ നിയമവും ചട്ടവും (കെ.ഇ.എ.ആര്‍)പരിഷ്‌കരിച്ചിട്ടും സംസ്ഥാനത്തെ ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ (എ.ഐ.പി) അധ്യാപക-വിദ്യാര്‍ഥി അനുപാതം നടപ്പിലാക്കിയില്ല.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എല്‍.പി.സ്‌കൂളുകളില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ 1:30 ആണ് അധ്യാപക വിദ്യാര്‍ഥി അനുപാതം. ആറു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ ഇത് 1:35 ഉം ഒമ്പത്, 10 ക്ലാസുകൡ 1:45 ഉം ആണ്. എന്നാല്‍ എ.ഐ.പി സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ ഒരധ്യാപകന് 45 കുട്ടികളെന്ന 1958ലെ നിയമമാണ് ഇപ്പോഴും പ്രാബല്യത്തില്‍. അനുപാതം പുതുക്കി നിശ്ചയിക്കാതെ എ.ഐ.പി സ്‌കൂളുകളിലെ പഠിതാക്കളുടെ വിദ്യാഭ്യാസ അവകാശം അധികാരികള്‍ നിഷേധിക്കുകയാണെന്നു അധ്യാപക സംഘടനാനേതാക്കള്‍ പറയുന്നു.
1958ല്‍ നിലവില്‍വന്നതാണ് കേരള വിദ്യാഭ്യാസ നിയമം. 1959ല്‍ ചട്ടങ്ങളും രൂപീകരിച്ചു. നിയമത്തിലെ അധ്യായം ആറില്‍ 23 നമ്പറായി അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2009ല്‍ പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമവും ഇതേത്തുടര്‍ന്ന് പരിഷ്‌കരിച്ച കേരള വിദ്യാഭ്യാസ നിയമവും അനുപാതം 1:30, 1:35 എന്നിങ്ങനെ പരിഷ്‌കരിച്ചിട്ടുണ്ട്. പക്ഷേ, എ.ഐ.പി വിദ്യാലയങ്ങളില്‍ പഴയ അനുപാതം തുടുരുകയാണ്.
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കല്‍, വിദ്യാഭ്യാസ വികസനം, കുട്ടികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തല്‍, ഓരോ കുട്ടിയിലും വ്യക്തിപരമായ ശ്രദ്ധ, നിരീക്ഷണം, നിരന്തര ശ്രദ്ധയിലൂടെ കുട്ടികളുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കല്‍, വിശകലനവും മൂല്യനിര്‍ണയവും ശക്തിപ്പെടുത്തല്‍, പുസ്തകങ്ങളും പഠന ഉല്‍പന്നങ്ങളും പരിശോധിക്കല്‍, കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങിയ ഗുണപരമായ മാറ്റങ്ങള്‍ക്കായാണ് ദേശീയാടിസ്ഥാനത്തില്‍ ക്ലാസ് മുറികളില്‍ കുട്ടികളുടെ എണ്ണം കുറച്ചത്.
സംസ്ഥാനത്ത് 32 എ.ഐ.പി സ്‌കൂളുകളാണുള്ളത്. ഇത്രയും വിദ്യാലയങ്ങളിലായി 9,100 പഠിതാക്കളും 340 അധ്യാപകരുമുണ്ട്.
എ.ഐ.പി സ്‌കൂളുകള്‍ക്കു 2015 നവംബര്‍ 11 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി എയ്ഡഡ് പദവി അംഗീകരിച്ച് 2021 സെപ്റ്റംബറിലാണ് ഉത്തരവായത്. എ.ഐ.പി സ്‌കൂളുകളില്‍ തസ്തിക നിര്‍ണയത്തിനും നിയമനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങളാണുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് എ.ഐ.പി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles