സമുദായത്തിന്റെ അനുമതിയില്ലാതെ വിവാഹം: വീട്ടുകാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട്

കല്‍പ്പറ്റ: യാദവ സമുദായത്തിലുള്ള യുവാവ് അതേ സമുദായത്തില്‍ തന്നെയുള്ള പെണ്‍കുട്ടിയെ സമുദായത്തിന്റെ അനുവാദമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് സമുദായം ഇരുവരുടെയും വീട്ടുകാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചതായി ജില്ലാ ഭരണകൂടം മനുഷാവകാശ കമ്മീഷനെ അറിയിച്ചു. ഒരേ ഗോത്രത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നത് സാമുദായികമായി തെറ്റായതു കാരണമാണ് സമുദായ നേതാക്കള്‍ വീട്ടുകാര്‍ക്ക് വിലക്ക് കല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭ്രഷ്ട് കേസ് വിവിധ കോടതികളുടെ പരിഗണനയിലായതിനാല്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിലവിലുള്ള പരാതി ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് തീര്‍പ്പാക്കി. മാനന്തവാടി സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകനാണ് യാദവ സമുദായത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. മകന്റെ ഭാര്യയുടെ അമ്മ മരിച്ചപ്പോള്‍ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നും സമുദായ ശ്മശാനത്തില്‍ അടക്കാന്‍ വിസമ്മതിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ മാനന്തവാടി സബ് കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 2014ലായിരുന്നു പരാതിക്കാരിയുടെ മകന്റെ വിവാഹം. സമുദായ ക്ഷേത്രത്തിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പരാതിക്കാരിക്കും കുടുംബത്തിനും വിലക്കുണ്ട്. സമുദായത്തിന്റെ സമ്മതമില്ലാത്ത പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങുകളിലും കുടുംബം പങ്കെടുത്താല്‍ സമുദായ നേതാക്കളും ആചാര്യന്‍മാരും വിട്ടുനില്‍ക്കുമെന്ന് ഭീഷണിയുണ്ടെന്നും പരാതിക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരെ പൊതുചടങ്ങുകളില്‍ നിന്നും വിലക്കിയാല്‍ അവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ മാനന്തവാടി സി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭ്രഷ്ടുമായി ബന്ധപ്പെട്ട് മാനന്തവാടി കോടതിയില്‍ കേസ് നിലവിലുണ്ട്. പരാതിക്കാരി ഉന്നയിക്കുന്ന പരാതികള്‍ രമ്യമായി പരിഹരിക്കാന്‍ കോടതി ഉത്തരവുകള്‍ ആവശ്യമാണെന്നും സബ് കളക്ടര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles