ലക്കിടിയില്‍ കരിന്തണ്ടന്‍ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ഞായറാഴ്ച

കല്‍പറ്റ-പട്ടികവര്‍ഗത്തിലെ പണിയ വിഭാഗത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിന്റെ(പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ഇക്കണോമിക് ഡവലപ്‌മെന്റ് ഓഫ് ട്രൈബല്‍ പീപ്പിള്‍) നേതൃത്വത്തില്‍ ഞായറാഴ്ച വെകുന്നേരം ലക്കിടി ചങ്ങലമരത്തിനു സമീപം കരിന്തണ്ടന്റെ പൂര്‍ണകായ പ്രതിമ അനച്ഛാദനം ചെയ്യും. പീപ്പ് ഭാരവാഹികളായ എസ്.രാമനുണ്ണി, വാസുദേവന്‍ ചീക്കല്ലൂര്‍, ഒ.ബി.സുനന്ദ, രാമസ്വാമി മുട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
അടിവാരത്തുനിന്നു താമരശേരി ചുരത്തിലൂടെ വയനാട്ടിലേക്കുള്ള പാത വിദേശികള്‍ക്കു പരിചയപ്പെടുത്തിയതു പൂര്‍വികനായ കരിന്തണ്ടനാണെന്നാണ് പണിയ സമുദായത്തിന്റെ വിശ്വാസം. വിദേശികള്‍ വധിച്ച കരിന്തണ്ടന്റെ ആത്മാവിനെയാണ് ലക്കിടിയിലെ മരത്തില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നതെന്നും അവര്‍ കരുതുന്നു.
കൊച്ചി സ്വദേശിയായ ശില്‍പി എം.എല്‍.രമേശ് നിര്‍മിച്ച കോണ്‍ക്രീറ്റ് പ്രതിമയ്ക്കു 10 അടി ഉയരവും ഒന്നര ടണ്‍ ഭാരവുമുണ്ട്. ഇന്നു രാവിലെ അടിവാരം വട്ടച്ചിറയില്‍ ഊരു മൂപ്പന്‍ ചാലന്‍ ഉദ്ഘാടനം ചെയ്യുന്ന പന്ത്രണ്ടാമത് കരിന്തണ്ടന്‍ സ്മൃതിയാത്രയുടെ സമാപനത്തോടനുബന്ധിച്ചു അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം വൈസ് പ്രസിഡന്റും ആന്ധ്രപ്രദേശ് സ്വദേശിയുമായ എച്ച്.കെ.നാഗുവാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. സ്മൃതിയാത്രയില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നുള്ള പണിയ സമുദായ പ്രതിനിധികള്‍ പങ്കെടുക്കും. യാത്ര സമാപന യോഗത്തില്‍ റിട്ട.കേണല്‍ രവീന്ദ്രബാബു അധ്യക്ഷത വഹിക്കും. കെ.വി.വി.കെ സംസ്ഥാന പ്രസിഡന്റ് കെ.സി.പൈതല്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published.

Social profiles