സുപ്രീം കോടതി നിര്‍ദ്ദേശം ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: കെ.കെ അബ്രഹാം

സുല്‍ത്താന്‍ ബത്തേരി: സംരക്ഷിത വനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് സ്ഥലം പരിസ്ഥിതിലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി വിധി അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം മുന്നറിയിപ്പ് നല്കി. ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയും കൃഷി ഭൂമിയില്‍ നിന്നും കിടപ്പാടത്തില്‍ നിന്നും ആട്ടിപ്പായിക്കുകയും ചെയ്യുന്ന കോടതി വിധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നിയമനിര്‍മാണം നടത്തണം. പ്രത്യേക നിയമസഭാ സമ്മളനം വിളിച്ചു ചേര്‍ത്ത് ജനങ്ങളുടെ ജീവല്‍ പ്രധാനമായ പ്രശ്‌നം ചര്‍ച്ചചെയ്യണം. കെ.കെ. അബ്രഹാം ആവശ്യപ്പെട്ടു.
വിധി നടപ്പിലാകുന്നതോടെ, നാലു ലക്ഷം ഏക്കര്‍ സ്ഥലത്തെ കുടുംബങ്ങള്‍ വഴിയാധാരമാകും. കര്‍ഷകരുടെ സര്‍വ്വസ്വാതന്ത്ര്യങ്ങള്‍ക്കും കൂച്ചുവിലങ്ങിടും. കര്‍ഷകന് ഇഷ്ടമുള്ള കൃഷി ചെയ്യാനോ, കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനോ സാധിക്കില്ല. ഭവനനിര്‍മ്മാണം, മറ്റു സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം, കൃഷിഭൂമിയുടെ സ്ഥിതിമാറ്റം, പുതിയ പാതകള്‍, നിലവിലെ പാതകള്‍ വികസിപ്പിക്കല്‍, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ഇതോടെ ജനജീവിതം ദുരിതപൂര്‍ണമാവുകയും അപ്രഖ്യാപിത കുടിയൊഴിപ്പിക്കല്‍ നിലവില്‍ വരികയും ചെയ്യും. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കും. പ്രശ്‌നത്തിന്റെ അതീവഗുരുതര സ്വഭാവം കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അബ്രഹാം ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles