സന്തോഷ സൂചിക ഉയര്‍ത്തല്‍: സ്വപ്‌നപദ്ധതിയുമായി ബത്തേരി നഗരസഭ

താളൂര്‍ നീലഗിരി കോളജില്‍ ചേര്‍ന്ന യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് സംസാരിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: പതിനാലാം പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ ജനങ്ങളുടെ വരുമാനവും ദൈനംദിന ചെലവുകളും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ പരിശീലനം നല്‍കി, ഏറ്റവും സന്തോഷത്തോടെ ജനങ്ങള്‍ അധിവസിക്കുന്ന ഒരു നഗരസഭയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയെ മാറ്റുക എന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. വ്യക്തിബന്ധങ്ങളും, സാമൂഹ്യ ബന്ധങ്ങളും സന്തോഷകരമാക്കുകയും, ദുഃഖങ്ങളും സങ്കടങ്ങളും പങ്കുവെക്കാന്‍ ആളുണ്ടാവും, ചെയ്യുന്ന ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ പരിശീലനങ്ങള്‍ സംഘടിപ്പിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. സന്തോഷ സൂചിക ഉയര്‍ത്താന്‍ ഐക്യരാഷ്ട്രസഭയുടെ എസ്.ഡി.എസ്.എന്‍ (സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍ നെറ്റ്‌വര്‍ക്ക്) മാതൃകയില്‍ പ്രദേശത്തിന്റെ സന്തോഷ സൂചിക അളക്കുകയും അത് ഉയര്‍ത്താന്‍ ആവശ്യമായ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നഗരസഭ പദ്ധതി തയ്യാറാക്കുകയും ചെയ്യും. 2022 ജൂലൈ 11നു മുമ്പ് സന്തോഷ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുകയും സര്‍വ്വേ നടത്തി കണ്ടെത്തലുകള്‍ നഗരസഭ പുറത്തു വിടും. ഇതിനോടനുബന്ധിച്ചു വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുട സംഗമം നഗര സഭ ഹാളില്‍ സംഘടിപ്പിക്കുകയും ആശയ രൂപീകരണം നടത്തുകയും ചെയ്യും. നേതൃത്വ സംഗമത്തില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പദ്ധതി നിര്‍ദ്ദേശങ്ങളില്‍ സന്തോഷ സൂചിക ഉയര്‍ത്താന്‍ ആവശ്യമായ ആയ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 2023 മാര്‍ച്ചില്‍ വീണ്ടും സര്‍വ്വേ നടത്തി ലോക സന്തോഷ ദിനമായ 2023 മാര്‍ച്ച് 20ന് നമ്മുടെ പ്രദേശത്തെ സന്തോഷ സൂചിക പുറത്തുവിടും.
പദ്ധതിയുട വിശദമായ പ്രൊജക്റ്റ് തയ്യാറാക്കുന്നതിലും, സര്‍വ്വേ നടത്തുന്നതിലും, ഹാപ്പിനെസ്സ് ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതിനും, ആവിശ്യമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിലും നഗരസഭയും താളൂര്‍ നീലഗിരി കോളജ് ഹാപ്പിനസ് സെന്ററുമായി ഉണ്ടാകേണ്ട ധാരണകള്‍ യോഗം ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ചെയര്‍മാന്‍ ടി.കെ രമേശ്, കോളജ് മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസാലി, ടോം ജോസ്, ഷാമില ജുനൈസ്, കെ റഷീദ്, സാലി പൗലോസ്, കെ.സി യോഹന്നാന്‍, പ്രൊഫ. മോഹന്‍ ബാബു, കെ.അലി അഷര്‍, പ്രകാശ് കെ, ജേക്കബ് ജോര്‍ജ്, സന്തോഷ് കുമാര്‍, അബ്ദുള്‍നാസര്‍ പി.എ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles