4 എ.എം ക്ലബ് ഗ്ലോബല്‍ വയനാട് ചാപ്റ്റര്‍ ഉദ്ഘാടനം തിരുനെല്ലിയില്‍

കല്‍പറ്റ-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ റോബിന്‍ തിരുമല സ്ഥാപിച്ച 4 എ.എം ക്ലബ് ഗ്ലോബലിന്റെ വയനാട് ചാപ്റ്റര്‍ ഞായറാഴ്ച രാവിലെ 10നു തിരുനെല്ലി ക്രീക് ഇന്‍ ദി വൈല്‍ഡ് റിസോര്‍ട്ടില്‍ മാനന്തവാടി എ.എല്‍.എ ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ ക്ലബിന്റെ ആദ്യ ജില്ലാ ചാപ്റ്ററാണ് വയനാട്ടിലേതെന്നു റോബിന്‍ തിരുമല, യോഗാചാര്യന്‍ ഡോ.പി.ജയപ്രകാശ് ശര്‍മ, ക്ലബ് അംഗങ്ങളായ ഷാജി കുടുങ്ങന്‍, ജിനു തോമസ്, അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ മൂന്നു നിയോജകമണ്ഡലങ്ങളിലുമായി 300 പേര്‍ ക്ലബില്‍ അംഗങ്ങളാണ്. നിലവില്‍ ക്ലബില്‍ 26 രാജ്യങ്ങളിലായ 15,000 മെംബര്‍മാരുണ്ട്. ഉത്തമ മനുഷ്യരെ വാര്‍ത്തെടുക്കുകയാണ് ക്ലബിന്റെ ലക്ഷ്യം. അംഗങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവും ആത്മീയവുമായ പരിവര്‍ത്തനം സാധ്യമാകുന്ന വിധത്തിലാണ് പ്രവര്‍ത്തനം. രാവിലെ അഞ്ചര മുതല്‍ ആറര വരെ ഡോ.പി.ജയപ്രകാശ് ശര്‍മയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ യോഗ പരിശീലനം ക്ലബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങങ്ങളുടെ ഭാഗമാണ്. ചാപ്റ്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ വയനാട്ടിലെ പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷകന്‍ ചെറുവയല്‍ രാമന്‍ മുഖ്യാതിഥിയാകും. ജില്ലയില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ജോസ് സെബാസ്റ്റിയന്‍, കെ.എം.ഷിനോജ്, അനുശ്രീ, ജോസഫ് പള്ളിക്കുന്ന്, അഡ്വ.സുഗതന്‍ എന്നിവരെ ആദരിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ക്ലബ് അംഗങ്ങള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Social profiles