പരിസ്ഥിതി ലോല മേഖല: സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധി പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിവിധ കര്‍ഷക സംഘടനകളും രംഗത്തു വന്ന സാഹചര്യത്തിലാണ് സമിതിയുടെ വേറിട്ട നിലപാട്. വനപരിസരങ്ങളിലും വനത്തിനുള്ളിലും താമസിക്കുന്ന വനാശ്രിത – പരമ്പരാഗത സമൂഹങ്ങള്‍, ആദിവാസികള്‍, കര്‍ഷകര്‍ എന്നിവരുടെ ഉപജീവനം, കാര്‍ഷികവൃത്തി, സുസ്ഥിര വികസനം എന്നിവയ്ക്കു ദോഷം ചെയ്യാത്തതും ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതുമാണ് പരിസ്ഥിതി ലോല മേഖലയെന്ന് സമിതി അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്കെതിരെ തെറ്റിദ്ധാരണകളും അസത്യങ്ങളും പ്രചരിപ്പിച്ച് രംഗത്തിറങ്ങിയ സംഘടനകള്‍ ക്വാറി -ഖനന മാഫിയകളുടെയും ടൂറിസം ലോബിയുടെയും വക്താക്കളാണ്. പരിസ്ഥിതി ലോല മേഖലയില്‍ ഖനനം, ക്വാറികള്‍, വന്‍കിട അണക്കെട്ടുകള്‍, ചുവപ്പു പട്ടികയില്‍പ്പെട്ട രാസവ്യവസായങ്ങള്‍, മരമില്ലുകള്‍ എന്നിവ മാത്രമേ നിരോധിച്ചിട്ടുള്ളൂ. മറ്റെല്ലാം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ലോല മേഖലയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടത് ജില്ലാ കലക്ടര്‍ ചെയര്‍മാനും എം.പിയും എം.എല്‍.എയും ജനപ്രതിനിധികളും അടങ്ങിയ സ്വതന്ത്ര ബോഡിയാണ്. പട്ടണങ്ങളും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവും ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പരിസ്ഥിതി മന്ത്രാലയം മുഖേന സുപ്രീം കോടതിയെ സമീപിക്കാം.
2001ല്‍ എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയും പ്രഫുല്‍ പട്ടേല്‍ വനം – പരിസ്ഥിതി മന്ത്രിയുമായിരുന്നപ്പോഴാണ് സംരക്ഷിത വനങ്ങളുടെ 10 കിലോമീറ്റര്‍ പരിധി പരിസ്ഥിതി ലോല മേഖലയാക്കണമെന്ന നിര്‍ദേശം ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ ഒന്നുമുണ്ടാകാത്തതിനെത്തുടര്‍ന്ന് 2006 ല്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കി. 2011 ല്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം മാര്‍ഗരേഖ ഇറക്കി. മുന്‍പ് പല തവണ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയെങ്കിലും അവഗണിക്കപ്പെടുകയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് പുതിയ വിധിയുണ്ടയത്. സുപ്രീം കോടതിയുടെയും വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെയും വിധിയും അന്ത്യശാസനവും പുശ്ചിച്ചുതള്ളിയ കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും കര്‍ഷകരുടെ പേരുപറഞ്ഞ് പ്രയത്‌നിച്ച തത്പരകക്ഷികളും ചോദിച്ചു വാങ്ങിയ വിധിയാണ് ഇപ്പോഴുണ്ടായത്.
കേരളത്തിലെ ഒരു സംരക്ഷിത വനത്തിന്റെയും ലോല മേഖല പ്രഖ്യാപിക്കാത്തതിനാല്‍ 2011 മുതല്‍ 10 കിലോമീറ്റര്‍ ലോല മേഖലയായി
നിലനില്‍ക്കുകയാണ്. ഭീതി പരത്തുന്നവര്‍ പ്രചരിപ്പിക്കുന്നതു പോലെ ഇവിടങ്ങളില്‍ ജനം ഒരു ബുദ്ധിമുട്ടും അനുഭവിക്കുന്നില്ല. വയനാടിന്റെ അതിരിലുള്ള ബന്ദിപ്പുര ടൈഗര്‍ റിസര്‍വിന്റെ അതിരിലെ 10 കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായിട്ട് 12 വര്‍ഷമായി. നൂറുകണക്കിന് ഗ്രാമങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. വയനാട്ടിലെ സാധാരണ കര്‍ഷകരുടെ ഫലസമൃദ്ധമായ ഭൂമികള്‍ ചുരം കയറിയെത്തുന്ന മാഫിയകളും അതിസമ്പന്നരും വന്‍ വിലയ്ക്കു വാങ്ങി അനാവശ്യ നിര്‍മിതികള്‍ ഉണ്ടാക്കുകയും കര്‍ഷകര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയുമാണ്. സാധാരണക്കാര്‍ വീടുവയ്ക്കാന്‍ ഭൂമികിട്ടാതെ പകച്ചു നില്‍ക്കുന്നു. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങള്‍ റിസോര്‍ട്ട് – ടൂറിസം മാഫിയ കൈയടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുപ്രീം കോടതി വിധി സാധാരണക്കാര്‍ക്ക് ആശ്വാസകരമാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിയന്ത്രണം സംബന്ധിച്ച യഥാര്‍ഥ്യം ജനങ്ങളില്‍ എത്തിക്കാന്‍ വനം വകുപ്പും സര്‍ക്കാരും തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. പി.എം.സുരേഷ് അധ്യക്ഷത വഹിച്ചു. എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, എം.ഗംഗാധരന്‍, എം.വി. മനോജ്, സണ്ണി മരക്കടവ്, സി.എ. ഗോപാലകൃഷ്ണന്‍, തച്ചമ്പത്ത് രാമകൃഷ്ണന്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles