മനുഷ്യ-വന്യമൃഗ സംഘര്‍ഷ ലഘൂകരണം: കേന്ദ്രം അനുവദിച്ചതില്‍ 34.79 കോടി കേരളം വിനിയോഗിച്ചില്ലെന്ന്

കല്‍പറ്റ-മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനുള്ള പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 2014 മുതല്‍ 2021 വരെ അനുവദിച്ച 74.84 കോടി രൂപയില്‍ 34.79 കോടി രൂപ കേരളം വിനിയോഗിച്ചില്ലെന്നു ബി.ജെ.പി കിസാന്‍ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വനാതിര്‍ത്തിയില്‍ സൗരോര്‍ജ് വേലി, മുള്ളുവേലി നിര്‍മാണം, വനത്തില്‍ വന്യജീവികള്‍ക്കു ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്കു ലഭിച്ച കേന്ദ്ര ഫണ്ടാണ് സംസ്ഥാനം പൂര്‍ണമായും ചെലവഴിക്കാത്തത്. അനുവദിച്ചതില്‍ 40.05 കോടി രൂപയാണ് വിനിയോഗിച്ചത്. മനുഷ്യ-വന്യമൃഗ സംഘര്‍ഷ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കു ദീര്‍ഘകാല പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനു സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 25 കോടി രൂപ അപര്യാപ്തമാണ്.
പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതി കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ആദായനികുതി നല്‍കുന്നവര്‍ ഉള്‍പ്പെടെ അനര്‍ഹരെ പദ്ധതിയില്‍നിന്നു ഒഴിവാക്കുന്നതിനു ഇ.കെ.വൈ.സി രജിസ്‌ട്രേഷന്‍ ബാധകമാക്കിയിരുന്നു. ഇതിന്റെ മറവില്‍ അര്‍ഹരായ നിരവധി കര്‍ഷകരെ അനര്‍ഹരുടെ പട്ടികയില്‍പ്പെടുത്താന്‍ സംസ്ഥാനത്തെ കൃഷി ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. രജിസ്‌ട്രേഷന്‍ കാലാവധി മെയ് വരെ നീട്ടിയ സാഹചര്യത്തില്‍ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതി പ്രയോജനം ലഭിക്കുന്നതിനു അവസരം ഒരുക്കണം. വയനാട്ടിലെ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും കടാശ്വാസ പദ്ധതി പ്രഖ്യാപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ഷാജി നായര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആരോട രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ജി.കെ.മാധവന്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles