ക്വാറിക്ക് അനുമതി റദ്ദാക്കിയത് ശരിവെച്ച് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പറ്റ: മുപ്പൈനാട് വാളത്തൂര്‍ ചീരമുട്ടത്ത് 1.9207 ഹെക്ടര്‍ സ്ഥലത്ത് ആരംഭിച്ച കരിങ്കല്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മനുഷ്യാവകാശ കമ്മീഷന്‍ അംഗീകരിച്ചു. പഞ്ചായത്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന പരാതി കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് തീര്‍പ്പാക്കി. 200ഓളം കുടുംബങ്ങള്‍ക്ക് കരിങ്കല്‍ ക്വാറി ഭീഷണിയാവുമെന്ന നിഗമനത്തിലാണ് മൂപ്പൈനാട് ക്വാറി ആക്ഷന്‍ കമ്മിറ്റി കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മീഷന്‍ വയനാട് ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 2021 ജൂണ്‍ 18ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ ഉള്‍പ്പെടെയുള്ള ക്ലിയറന്‍സ് സഹിതമാണ് ഒ. ഡി തോമസ് എന്നയാള്‍ ക്വാറി ലൈസന്‍സിന് അപേക്ഷ നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മാര്‍ച്ച് 10 നുള്ള പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാല്‍ ആവശ്യമായ രേഖകള്‍ സഹിതം താന്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചത് ഉടമ ചോദ്യം ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ പ്ലീഡറില്‍ നിന്നും നിയമോപദേശം വാങ്ങി. നിയമാനുസൃത രേഖകള്‍ ഹാജരാക്കിയിട്ടും പൊതുജന പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സ് അനുവദിക്കാതിരുന്നത് തെറ്റാണെന്നായിരുന്നു നിയമോപദേശം. തുടര്‍ന്ന് 2021 മെയ് 18ന് ലൈസന്‍സ് അനുവദിച്ചു. പിന്നീട് ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരിന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ കേസ് തീര്‍പ്പാക്കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles