383 ഹെഡ്മാസ്റ്റര്‍മാരെ സ്ഥലം മാറ്റി വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി

കല്‍പറ്റ: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനു ഒടുവില്‍ സംസ്ഥാനത്തെ 383 ഹെഡ്മാസ്റ്റര്‍മാരെ സ്ഥലം മാറ്റി വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. മെയ് 11 ഇറങ്ങേണ്ട ഉത്തരവാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. എച്ച്.എം, എ.ഇ.ഒ മാരായി ഏപ്രില്‍ 18ന് സ്ഥാനക്കയറ്റം നല്‍കിയ 71 പേരില്‍ 65 പേര്‍ക്കു നിയമന ഉത്തരവും നല്‍കി.
സര്‍വീസ് സീനിയോറിറ്റി പ്രകാരം പൊതു സ്ഥലംമാറ്റത്തിനു ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനു ഏപ്രില്‍ നാലിനു ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡി.ജി.ഇ) ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ 12 മുതല്‍ 18 വരെയായിരുന്നു സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിനു സമയം. ഏപ്രില്‍ 11നു മുമ്പു നിലവിലെ ഒഴിവുകളും ജൂണ്‍ 30 വരെയുള്ള പ്രതീക്ഷിത ഒഴിവുകളടക്കം റിപ്പോര്‍ട്ടു ചെയ്യാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് ഡി.ജി.ഇ നിര്‍ദേശവും നല്‍കി. ലഭിച്ച അപേക്ഷകളുടെ പരിശോധന ഏപ്രില്‍ 22നാണ് നിശ്ചയിച്ചിരുന്നത്. 27ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും പരാതികള്‍ 30 വരെ കേള്‍ക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മെയ് അഞ്ചിനു അന്തിമ പട്ടികയും 11ന് സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കുമെന്നായിരുന്നു ഉത്തരവില്‍. വിദ്യാഭ്യാസ വകുപ്പില്‍ അധ്യയനവര്‍ഷാരംഭത്തിന് മുമ്പു പ്രധാനാധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെയും സ്ഥലംമാറ്റി നിയമിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അന്തിമ പട്ടിക തയാറാക്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും നിയമന ഉത്തരവ് ഇറക്കിയില്ല. ഇത് വിദ്യാഭ്യാസ വകുപ്പില്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. ഹെസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതു സ്ഥലംമാറ്റത്തിനു ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമാണ് 71 പേര്‍ക്കു എച്ച്.എം, എ.ഇ.ഒ മാരായി സ്ഥാനക്കയറ്റം നല്‍കി ഉത്തരവിറക്കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles