തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം-എസ്.ഡി.പി.ഐ

കല്‍പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകുന്നതിനു ജെ.ആര്‍.പി നേതാവ് സി.കെ.ജാനുവിനു കോഴ നല്‍കിയതിനു തെളിവുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്യണമെന്നു എസ്.ഡി.പി.ഐ. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍, വൈസ് പ്രസിഡന്റ് ഇ.വി.ഉസ്മാന്‍, ട്രറഷര്‍ കെ.മെഹറൂഫ്, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ടി.പി.അബ്ദുല്‍ റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതാണ് ആവശ്യം. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകുന്നതിനു സി.കെ.ജാനുവിനു കെ.സുരേന്ദ്രന്‍ വിവിധ ഘട്ടങ്ങളിലായി 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് മലവയല്‍ മുഖേനയാണ് കോഴയില്‍ ഒരു ഭാഗം കൈമാറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിട്ടുണ്ട്. സുരേന്ദ്രനും ജാനുവുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേശ്വരത്ത് ബി.ജെ.പിയിലെ സുന്ദരയെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയു സ്മാര്‍ട് ഫോണും നല്‍കി സ്വാധീനച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമള്ള കേസില്‍ കാസര്‍കോട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സുരേന്ദ്രനെ അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം.
കോഴക്കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണ് ചെയ്തത്. ഫോണ്‍ സംഭാഷണങ്ങളുടെ സാംപിള്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തില്‍ പരിശോധിപ്പിക്കുന്നതിനു കെ.സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത് ഒത്തുകളിയുടെ ഭാഗമായാണ്. രാജ്യത്ത്ത കള്ളപ്പണം നിയന്ത്രിക്കാന്‍ നോട്ട് നിരോധനം കൊണ്ടുവന്ന ബി.ജെ.പിയുടെ നേതാക്കള്‍ കേരളത്തിലെ ഏറ്റവും വലിയ കള്ളപ്പണ-ഹവാല ഇടപാടുകളുടെ നടത്തിപ്പുകാരായി മാറിയിരിക്കാണ്. തെരെഞ്ഞുടുപ്പു വേളയില്‍ സജീവമായിരുന്ന കോഴക്കേസ് പിന്നീട് സി.പി.എമ്മും ബി.ജെ.പിയും ഗൂഢാലോചന നടത്തി വിസ്മൃതിയിലാക്കി. രാജ്യത്ത് ശക്തിപ്രാപിക്കുന്ന ആദിവാസി-ദളിത് മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ഗൂഢ നീക്കങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ആദിവാസി-ദളിത് നേതാക്കളെ വിലയ്‌ക്കെടുത്തും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കുന്നത്. ജനാധിപത്യം പണാധിപത്യത്തിനു കീഴിലാകുകയും പണാധിപത്യം ഫാസിസ്റ്റുകളുടെ കൈകളിലായിരിക്കയാണെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു.
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ വീണ്ടും എന്‍.ഡി.എയുടെ ഭാഗമാക്കുന്നതിനു സ്ഥാപക അധ്യക്ഷ സി.കെ.ജാനുവിനു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയത് ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോടാണ്. ഇതേത്തുര്‍ന്നു എം.എസ്.എഫ് നേതാവ് പി.കെ.നവാസ് നല്‍കിയ ഹരജിയില്‍ കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചതനുസരിച്ചു ബത്തേരി പോലീസാണ് കോഴ ഇടപാടു സംബന്ധിച്ചു കേസെടുത്തത്. പിന്നീട് ജില്ലാ പോലീസ് മേധാവി കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. പ്രസീത ഉള്‍പ്പെടെയുള്ളവരുടെ മൊഴി കേസ് അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നേരത്തേ രേഖപ്പെടുത്തിയിരുന്നു. കോഴപ്പണത്തില്‍ 25 ലക്ഷം സി.കെ.ജാനുവിനു ബത്തേരിയിലെ ഹോം സ്‌റ്റേയില്‍ ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലാണ് കൈമാറിയതെന്നു വെളിപ്പെടുത്തിയതും പ്രസീതയാണ്. തെരഞ്ഞെടുപ്പു പ്രചാരണകാലത്തു സ്ഥാനാര്‍ഥി സി.കെ.ജാനുവും പ്രസീത ഉള്‍പ്പെടെ ജെ.ആര്‍.പി നേതാക്കളും ദിവസങ്ങളോളം താമസിച്ചിരുന്നതു ബത്തേരിയിലെ മണിമല ഹോംസ്‌റ്റേയിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles