പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് പടിക്കല്‍ കര്‍ഷക മോര്‍ച്ച ധര്‍ണ 10ന്

കല്‍പറ്റ: ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10നു രാവിലെ 11നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. കര്‍ഷകരെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കുക, മില്‍മയുടെ ചൂഷണത്തില്‍നിന്നു ക്ഷീര കര്‍ഷകരെ രക്ഷിക്കുക, കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നു കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആരോട രാമചന്ദ്രന്‍, സെക്രട്ടറിമാരായ ജി.കെ.മാധവന്‍, സി.മനോജ്കുമാര്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ലക്ഷം കോടി രൂപ വകയിരുത്തി 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പദ്ധതിയില്‍ കേരളത്തിനു 2,520 കോടി രൂപയാണ് നീക്കിവെച്ചത്. പദ്ധതി ഒന്നര വര്‍ഷം പിന്നിടുമ്പോഴും 82 പ്രൊജക്ടുകളിലായി 87 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നേടിയത്. ഇതില്‍ത്തന്നെ 47 കോടി രൂപയാണ് വിനിയോഗിച്ചത്. പദ്ധതി നടത്തിപ്പില്‍ ഇത്തരത്തില്‍ നിരുത്തരവാദവും ഉദീസീനതയും കാട്ടിയ സംസ്ഥാന സര്‍ക്കാരിനു ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കര്‍ഷകുരെ പേരില്‍ ഇടതുപക്ഷം ഒഴുക്കുന്നതു മുതലക്കണ്ണീരാണ്. സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും അന്ധമായ ബി.ജെ.പി വിരോധമാണ് കര്‍ഷകര്‍ക്ക് വിനയായത്.
ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. പാല്‍ ഉല്‍പാദനച്ചെലവിനു ആനുപാതികമായ വില കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ മില്‍മ തയാറാകുന്നില്ല. കാലിത്തീറ്റകളുടെ വിലക്കയറ്റം കര്‍ഷകനു താങ്ങാവുന്നതിനും അപ്പുറത്താണ്. പാലിനു ന്യായ വില ഉറപ്പുവരുത്താനും ക്ഷീരവൃത്തി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
കടം കുടിശ്ശികയാക്കിയവരുടെ സ്വത്ത് ജപ്തി ചെയ്യുന്നതില്‍നിന്നു ധനകാര്യ സ്ഥാപനങ്ങള്‍ പിന്‍വാങ്ങണം. വായ്പ തിരിച്ചടവിനു ആവശ്യമായ സാവകാശം അനുവദിക്കണം. കര്‍ഷകരെ കടക്കെണിയിലാക്കുന്ന നയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നും മോര്‍ച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles