തിരുനെല്ലി പഞ്ചായത്തിലെ 15 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത 15 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ ജസ്റ്റീസ് പി.എസ്.ഗോപിനാഥന്‍ ഉത്തരവായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രവി ഉള്ളിയേരിയുടെ പരാതിയിലാണ് ഉത്തരവ്. പഞ്ചായത്തില്‍ വിവിധ തസ്തികകളില്‍ മാനദണ്ഡങ്ങളില്ലാതെ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് കാലാവധി നീട്ടിക്കൊടുക്കുകയാണെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു പരാതിയില്‍.
പഞ്ചായത്തില്‍ 15 പേരെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ കരാര്‍ അടിസ്ഥാനത്തില്‍ തുടര്‍ന്നുവരികയാണെന്നും ഓംബുഡ്‌സ്മാന്റെ നോട്ടീസിനുള്ള മറുപടിയില്‍ സെക്രട്ടറി അറിയിച്ചിരുന്നു. രണ്ടു വര്‍ഷത്തെ കരാര്‍ കാലാവധി കഴിയുന്ന മുറയ്ക്കു നീട്ടിക്കൊടുക്കുകയാണെന്നും സെക്രട്ടറി സമ്മതിച്ചു. കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ ഇതു നേടിയിട്ടില്ലെന്നും സെക്രട്ടറി ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായി നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് രണ്ടു മാസത്തിനകം പുതിയ നിയമനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഓംബുഡ്‌സ്മാന്‍ ഉത്തരവില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles