ബഫര്‍ സോണ്‍: കര്‍ഷകരുടെ ആശങ്ക അകറ്റണം-യു.ഡി.എഫ്

*11നു മൂന്നു കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം

കല്‍പറ്റ : ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട്ടിലെ കര്‍ഷകരുടെ ആശങ്കയകറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം, കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ജില്ലയില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. കര്‍ഷകരുടെ ഭീതി അകറ്റുന്നതില്‍ അടിയന്തര ശ്രദ്ധയുണ്ടാകണം. 2002ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എടുത്തതാണ് സംരക്ഷിത വനങ്ങളുടെ ബഫര്‍ സോണുമായി ബന്ധപ്പെട്ട തീരുമാനം. വര്‍ഷങ്ങളായി സുപ്രീം കോടതിയിലുള്ള ഒരു കേസിലാണ് ഇപ്പോള്‍ വിധി വന്നത്. സംസ്ഥാന സര്‍ക്കാരുകളോടും മറ്റും ആലോചിച്ചശേഷമേ വിഷയത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടാണ് യു.പി.എ സ്വീകരിച്ചിരുന്നത്. 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന എല്‍.ഡി.എഫ് മന്ത്രിസഭായോഗം സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയിരുന്നു. ഇതിലുള്ള ജാള്യം മറച്ചുവെക്കുന്നതിനാണ് ഇടതു മുന്നണി ഇപ്പോള്‍ സമരപ്രഹസനവുമായി രംഗത്ത് എത്തിയത്. ബഫര്‍ സോണില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിനു കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയും സമീപിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഇതു പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനു പകരം കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള വൃഥാവ്യായാമമാണ് ജില്ലയില്‍ ഇടതുപക്ഷം നടത്തുന്നത്-യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ 11ന് വൈകുന്നേരം ബത്തേരി, കല്‍പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ യു.ഡി.എഫ് വിശദീകരണയോഗം നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു. കല്‍പറ്റയില്‍ അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എയും മാനന്തവാടിയില്‍ ഡി.സി.സി പ്രസിഡന്റുമായ എന്‍.ഡി.അപ്പച്ചനും ബത്തേരിയില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റുമായ പി.പി.എ കരീമും ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles