രാഹുല്‍ഗാന്ധിക്കെതിരായ പ്രസ്താവന സി.പി.എമ്മിന്റെ അജ്ഞത മൂലം- ടി.സിദ്ദിഖ് എം.എല്‍.എ

കല്‍പറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച രാഹുല്‍ഗാന്ധി എം.പിക്കെതിരായ സി.പി.എമ്മിന്റെ പ്രസ്താവന കോടതി വിധിയെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എല്‍.എ. സംരക്ഷിത വനത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതി വിധിയില്‍. ഇതില്‍ ഇളവ് ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലയുടെ പരിധി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജന താല്‍പര്യം കണക്കിലെടുത്ത് ഇളവുകള്‍ ലഭിക്കുന്നതിനായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി യോജ്യമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വിധിയിലുണ്ട്. ഇതുപ്രകാരം വിധിയുടെ അടിസ്ഥാനത്തിലുള്ള ഒരു കിലോമീറ്റര്‍ ദൂരപരിധി തിരുത്താനുള്ള ഏക മാര്‍ഗം പൊതുജനഭിപ്രായം പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എംപവേഡ് കമ്മിറ്റിക്കും കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന വകുപ്പിനും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുകയാണ്. ഇക്കാര്യമാണ് രാഹുല്‍ഗാന്ധി എം. പി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. വിവരവും വിദ്യാഭ്യാസമുള്ള രാഹുല്‍ഗാന്ധി വിധി പൂര്‍ണമായി മനസ്സിലാക്കിയതിന് ശേഷം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല ഈ വിഷയമെന്ന് പറഞ്ഞ് സി.പി.എമ്മും എല്‍.ഡി.എഫും ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഇത് ഇനിയും സുപ്രീംകോടതി വിധി വായിക്കാത്തത് കൊണ്ടാണ്. സംരക്ഷിത വനങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി കേന്ദ്രത്തെ അറിയിച്ചിരുന്നു. സുപ്രീം കോടതി വിധിയെ എല്‍.ഡി.എഫ് മന്ത്രിസഭയുടെ ഈ തീരുമാനവും സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് രാഹുല്‍ഗാന്ധിയെ ആക്രമിക്കാന്‍ തങ്ങള്‍ക്കും മടിയില്ലെന്ന് പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ് സി.പി.എമ്മെന്നും സിദ്ദീഖ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles