മോഹനന്റെ ദാരുണാന്ത്യം: യു.ഡി.എഫ് മേപ്പാടിയില്‍ റോഡ് ഉപരോധിച്ചു

മേപ്പാടി ടൗണില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഉപരോധം

കല്‍പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട മേപ്പാടി അരുണമല കോളനിയിലെ മോഹനന്റെ കുടുംബത്തിനു അടിയന്തര സഹായം ലഭ്യമാക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ മേപ്പാടി ടൗണില്‍ റോഡ് ഉപരോധിച്ചു. ടി.സിദീഖ് എം.എല്‍.എ. ഉല്‍ഘാടനം ചെയ്ത ഉപരോധം ഒരു മണിക്കൂറോളം നീണ്ടു. ബി.സുരേഷ് ബാബു, ടി.ഹംസ, ടി.എ..മാനു, മുജീബ്റഹ്‌മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അതിനിടെ, മോഹനന്റെ കുടുംബത്തിന് അടിയന്തര സഹായധനമായി അഞ്ചു ലക്ഷം രൂപ നല്‍കുമെന്നു സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന കരീം അറിയിച്ചു. തുക നിക്ഷേപിക്കുന്നതിനു ബാങ്ക് അക്കൗണ്ട് രേഖകള്‍ ഹാജരാക്കാന്‍ മോഹനന്റെ ബന്ധുക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മോഹനന്റെ ഭാര്യ നേരത്തേ മരിച്ചതാണ്. കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയായില്ല. മോഹനനെ കാട്ടാന ആക്രമിച്ച വിവരം തിങ്കളാഴ്ച രാത്രി പത്തോടെയാണ് വനപാലകര്‍ അറിഞ്ഞത്. ഉടന്‍ സ്ഥലത്തെത്തിയ വനപാലകര്‍ ഗുരതാരാവസ്ഥയിലായിരുന്ന മോഹനെ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണമല ഭാഗത്ത് കാട്ടാന പ്രതിരോധത്തിനു സൗര വേലി സ്ഥാപിക്കുന്നതിനു നടപടികള്‍ പുരോഗതിയിലാണെന്നും ഡി.എഫ്.ഒ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles