കെ.സി.വേണുഗോപാലിനെ വേട്ടയാടുന്നതു പാര്‍ട്ടിയിലെ ഒറ്റുകാര്‍-കെ.കെ.അബ്രഹാം

കല്‍പറ്റ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയവുമായി ബന്ധപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയെ വേട്ടയാടുന്നതു പാര്‍ട്ടിയിലെ ഒറ്റുകാരാണെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രവും പാരമ്പര്യവും ത്യാഗവും അറിയാത്ത അധികാര ദുര്‍മോഹികളുടെ കുഴലൂത്തുകാരാണ് വേണുഗോപാലിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നത്. പാര്‍ട്ടിയുടെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. വര്‍ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന രാഹുല്‍ഗാന്ധിയെയും വേണുഗോപാലിനെയും അതുപോലുള്ള നേതാക്കളെയും താറടിക്കാന്‍ ഇന്നലെത്ത മഴയില്‍ മുളച്ച തകരകള്‍ നടത്തുന്ന ശ്രമം വിലപ്പോകില്ല. പാര്‍ട്ടിയുടെ താഴ്ത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് വേണുഗോപാല്‍ ദേശീയ നേതൃനിരയില്‍ എത്തിയത്. വേണുഗോപാലിനെ കേരളത്തിന്റെ അഭിമാനമായി കാണാന്‍ തയാറാകാതെ, ഫ്യൂഡല്‍ ചിന്തയില്‍ അഭിരമിക്കുന്നവരാണ് അദ്ദേഹത്തിനെതിരായ പ്രചാരണത്തിനു ചരടുവലിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരല്ല ഇവര്‍. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും അബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles