ബഫര്‍ സോണ്‍: പ്രതിഷേധവുമായി യൂത്ത് ലീഗ്

ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി ബത്തേരി വൈല്‍ഡ് ലൈഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

സുല്‍ത്താന്‍ ബത്തേരി: ജനവാസ മേഖലകളെ ഒഴിവാക്കുന്നതിനായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുളള ബഫര്‍ സോണ്‍ മാപ്പിംഗ് തയ്യാറാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു. ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ വൈല്‍ഡ് ലൈഫ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിക്കു മുമ്പേ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം അനുകൂലമായ ഉത്തരവിന് തടസ്സമായി നില്‍ക്കുകയാണ്. നാടും കാടും വേര്‍തിരിക്കുന്ന ഫെന്‍ സിംഗിനും വിലക്കുള്ളതിനാല്‍ വനത്തോട് ചേര്‍ന്നുള്ള ജനങ്ങളുടെ താമസം പോലും ദുഷ്‌ക്കരമാവുന്ന വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇസ്മായില്‍ ആവശ്യപ്പെട്ടു. അസംപ്ഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 200ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡിഎഫ്.ഒ ഓഫീസ് കവാടത്തില്‍ മാര്‍ച്ച് പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു.
യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി മറിക്കാന്‍ ശ്രമിക്കുകയും പൊലീസുമായി നേരിയ തരത്തില്‍ ഉന്തും തള്ളും ഉണ്ടായി. ജില്ലാ പ്രസിഡന്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് ,സെക്രട്ടറി കെ.നൂറുദ്ദീന്‍, മണ്ഡലം ലീഗ് പ്രസിഡന്റ് പി.പി അയ്യൂബ്, ജനറല്‍ സെക്രട്ടറി എം എ അസൈനാര്‍,ഷബീര്‍ അഹമ്മദ്, ഗഫൂര്‍ വെണ്ണിയോട്, ഇബ്രാഹിം തൈതൊടി എന്നിവര്‍ സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ ആരിഫ് സ്വാഗതവും ട്രഷറര്‍ ഉവൈസ് എടവട്ടന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles