വനാവകാശം: എ.കെ.എസ് തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു

ആദിവാസി ക്ഷേമ സമിതി തിരുനെല്ലി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധം സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ആദിവാസി ക്ഷേമ സമിതി തിരുനെല്ലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. ഏഴു പതിറ്റാണ്ടായി ഭൂമി കൈവശം വെയ്ക്കുന്ന നെടുംന്തന, കക്കേരി കോളനികളിലെ കുടുംബങ്ങള്‍ക്കു അര്‍ഹമായ വനാവകാശം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ഏരിയ സെക്രട്ടറി എം.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം മാനന്തവാടി ഏരിയ സെക്രട്ടറി എം.രജീഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.വി.ബാലകൃഷ്ണന്‍, കെ.ടി.ഗോപിനാഥന്‍, ലോക്കല്‍ സെക്രട്ടറിമാരായ ടി.കെ.സുരേഷ്, സി. കെ.ശങ്കരന്‍, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.ജെ.മാത്യു, വി.ബി.ബബീഷ്, സതീഷ് കുമാര്‍, ബിന്ദു സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
നെടുംന്തന, കക്കേരി കോളനികളില്‍ 118 കുടുംബങ്ങളുണ്ട്. നിരവധി തവണ സമരം ചെയ്യുകയും വകുപ്പുമന്ത്രിക്കു നിവേദനം നല്‍കുകയും ചെയ്തിട്ടും കൈവശ ഭൂമിക്കു വനാവകാശ നിയമം അനുസരിച്ചുള്ള രേഖ ലഭിച്ചില്ല. ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈവശരേഖ അനുവദിക്കാന്‍ നിര്‍ദേശിച്ചെങ്കിലും വനം വകുപ്പ് ഉദാസീനത കാട്ടുകയാണ്. വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് കൈവശരേഖ കൊടുക്കണമെന്നു 2005ലെ വനാവകാശ നിയമത്തില്‍ പറയുന്നുണ്ട്. അര്‍ഹതയുള്ളവര്‍ക്കു ഇനിയും രേഖ നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ശക്തമായ സമരത്തിനു എ.കെ.എസ് നേതൃത്വം നല്‍കുമെന്നു തിരുനെല്ലി വില്ലേജ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles