സാധാരണക്കാര്‍ക്കായി റവന്യൂ ഇ സാക്ഷരത-മന്ത്രി കെ.രാജന്‍

വയനാട് ജില്ലാതല പട്ടയമേള മാനന്തവാടിയില്‍ റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ഡിജിറ്റല്‍ സേവനം സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുന്നതിനു സംസ്ഥാനത്തു റവന്യൂ ഇ സാക്ഷരത പദ്ധതി ആരംഭിക്കുമെന്നു റവന്യൂ മന്ത്രി കെ.രാജന്‍. അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ വയനാട് ജില്ലാതല പട്ടയമേളയും വിവിധ റവന്യൂ ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് റവന്യൂ വകുപ്പ് സമഗ്ര ഡിജിറ്റലൈസേഷന്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഓണ്‍ലൈനില്‍ ലഭ്യമായ റവന്യൂ സേവനം പൊതുജനങ്ങള്‍ക്ക് പൊതുവെ പ്രാപ്യമാകുന്നില്ല. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് റവന്യൂ ഇ സാക്ഷരത പദ്ധതി ആവിഷ്‌കരിച്ചത്. ഫീസ് മാത്രം നല്‍കി മൊബൈല്‍ ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ അപേക്ഷ സമര്‍പ്പിച്ച് നേടേണ്ട സേവനങ്ങള്‍ക്ക് വന്‍ തുക ഇടനിലക്കാര്‍ കൈക്കലാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. റവന്യൂ ഇ സാക്ഷരത പദ്ധതി ജനങ്ങളില്‍ എത്തുന്നതോടെ ഈ അവസ്ഥയ്ക്കു പരിഹാരമാകും. റവന്യൂ സംബന്ധമായ വിവിധ സേവനങ്ങള്‍, അവ ലഭിക്കുന്നതിനുള്ള യോഗ്യതകള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍, അപേക്ഷ സമര്‍പ്പിക്കുന്ന വിധം, നിരസിച്ചാല്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട വിധം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് പദ്ധതി ലക്ഷ്യം. ഇതിന്റെ ഭാഗമായി നിലവിലെ വില്ലേജുതല ജനകീയ സമിതി അംഗങ്ങള്‍, കുടുംബശ്രീ- സന്നദ്ധ സംഘടന-റസിഡന്റ്സ് അസോസിയേഷന്‍-സര്‍വീസ് സംഘടനാ പ്രതിനിധികളെ മാസ്റ്റര്‍ ട്രെയ്‌നര്‍മാരായി നിശ്ചയിച്ച് ഐ.എല്‍.ഡി.എം മുഖേന പരിശീലനം നല്‍കും. വിവിധ വിഷയങ്ങളില്‍ ചെറു വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പനമരം, എടവക, പേര്യ സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍, മാനന്തവാടി റവന്യു ഡിവിഷന്‍ ഓഫീസിനോടുചേര്‍ന്നു നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ആന്‍ഡ് റെക്കോര്‍ഡ് റൂം, താലൂക്ക് ഓഫീസ് അനക്സ് കെട്ടിടങ്ങള്‍, നവീകരണം പൂര്‍ത്തിയായ മാനന്തവാടി ലാന്‍ഡ് ട്രിബൂണല്‍ ഓഫീസ്, മാനന്തവാടി താലൂക്ക് ഓഫീസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

*പട്ടയ വിതരണത്തില്‍ പ്രതിഫലിക്കുന്നതു സര്‍ക്കാരിന്റെ ഇച്ഛാശക്തി
വയനാട്ടിലെ പട്ടയ വിതരണത്തില്‍ പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ജില്ലയില്‍ 1,739 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇത് റെക്കോര്‍ഡാണ്. ഈ പട്ടയ ഫയലുകളെല്ലാം വര്‍ഷങ്ങളായി നിയമക്കുരുക്കിലും മറ്റു പ്രശ്‌നങ്ങളിലുമായി തീര്‍പ്പാകാതെ കിടന്നവയാണ്. 1976 മുതല്‍ നിലനില്‍ക്കുന്ന കല്‍പറ്റയിലെ വുഡ്‌ലാന്റ് എസ്റ്റേറ്റ് എസ്ചീറ്റ് ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
ഒരു തണ്ടപ്പേരിനുപോലും അവകാശമില്ലാത്ത മുഴുവന്‍ ആളുകളെയും ഭൂമിയുടെ അവകാശികളാക്കുക എന്നതു റവന്യൂ വകുപ്പിന്റെ ലക്ഷ്യമാണ്. ഇതിനായി നിയമ ഭേഗഗതികളും ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ഗീത, സബ്കലക്ടര്‍ ആര്‍.ശ്രീലക്ഷമി, എ.ഡി.എം എന്‍.ഐ.ഷാജു, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, ജില്ലാ പഞ്ചായത്തംഗം കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം സല്‍മ മോയി, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.സുലോചന എന്നിവര്‍ പ്രസംഗിച്ചു.
നരിക്കല്‍ വെള്ളറ പ്രദേശങ്ങളിലെ 174 ഉം പാരിസണ്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഡസ്സീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു ഏറ്റെടുത്ത മിച്ചഭൂമിയില്‍ 161 ഉം ചീങ്ങേരിയില്‍ 100 ഉം കുടുംബങ്ങള്‍ക്കാണ് ബുധനാഴ്ച പട്ടയം ലഭിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles