എടക്കല്‍ റോക്ക് ഷെല്‍റ്റര്‍: ലോക പൈതൃക പദവിക്കുള്ള നീക്കങ്ങള്‍ക്കു മന്ദഗതി

എടക്കല്‍ റോക്ക് ഷെല്‍ട്ടറിലെ ലിഖിതങ്ങള്‍.

കല്‍പറ്റ-നവീന ശിലായുഗസംസ്‌കൃതിയുടെ ശേഷിപ്പുകളില്‍ ഒന്നായ എടക്കല്‍ റോക് ഷെല്‍ട്ടറിന് ലോക പൈതൃക പദവി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മന്ദഗതി. 2010ല്‍ സംസ്ഥാന പുരാവസ്തു വകപ്പ് തുടങ്ങിവച്ച നീക്കങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ്. റോക് ഷെല്‍ട്ടറിനെ പൈകൃക ഇടമായി പ്രഖ്യപിക്കുന്നതില്‍ യുനസ്‌കോയില്‍ ഇടപെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യന്‍ ചരിത്ര കൗണ്‍സിലും വീഴ്ച വരുത്തുകയാണ്.
രണ്ട് കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ അമര്‍ന്ന് രൂപപ്പെട്ടതാണ് റോക് ഷെല്‍ട്ടര്‍. 1894ല്‍ മലബാര്‍ പോലീസ് സൂപ്രണ്ടും നരവശശാസ്ത്രത്തില്‍ തത്പരനുമായിരുന്ന ഫോസറ്റാണ് റോക് ഷെല്‍ട്ടറിനെയും അതിലെ ചരിത്ര സമ്പന്നതയെക്കുറിച്ചുമുള്ള വിവരം ആദ്യമായി പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഷെല്‍ട്ടറിലെ ശിലാഭിത്തികളില്‍ ആള്‍രൂപങ്ങള്‍, മൃഗരൂപങ്ങള്‍ എന്നിവയ്ക്കു പുറമേ ചക്രങ്ങള്‍, വണ്ടികള്‍ എന്നിവയുടെ ചിത്രങ്ങളും കോറിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രാഹ്മി ലഖിതങ്ങളുള്ളതും എടക്കലിലെ ശിലാഭിത്തികളിലാണ്. ബി.സി. 4000നും എ.ഡി പതിനൊന്നിനും ഇടയില്‍ പലപ്പോഴായി രചിക്കപ്പെട്ടതാണ് ഇവയെന്നാണ് ചരിത്രകാരന്‍മാരുടെ പക്ഷം.
ഗുഹയുടെയും രചനകളുടെയും ചരിത്ര-സാംസ്‌കാരിക പ്രാധാന്യം യുനസ്‌കോയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2011ല്‍ രണ്ട് ദേശീയ സെമിനാറുകള്‍ ബത്തേരിയില്‍ സംഘടിപ്പിച്ചിരുന്നു. ഗുഹയുയുടെയും രചനകളുടെയും ദീര്‍ഘകാല സംരക്ഷണത്തിനു ഉതകുന്ന പരിപാടികളാണ് ശില്‍പശാലയില്‍ ചര്‍ച്ചയ്ക്ക് വിഷയങ്ങളായത്. പുരാവസ്തു ഗവേഷകര്‍, ശിലാരൂപീകരണശാസ്ത്ര വിദഗ്ധര്‍, വിവിധ ഐ.ടി.ഐകളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍, ഭൗമവിദഗ്ധര്‍, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, ശിലാവശിഷ്ടശാസ്ത്ര ഗവേഷകര്‍, സസ്യശാസ്ത്രജ്ഞര്‍, ചിത്രകാരന്‍മാര്‍, ചരിത്രവിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. അക്കാലത്ത് സംസ്ഥാന സാംസ്‌കാരികവകുപ്പ് മന്ത്രിയായിരുന്ന കെ.സി.ജോസഫായിരുന്നു ശില്‍പശാലകളില്‍ ഒന്നിന്റെ ഉദ്ഘാടകന്‍. റോക് ഷെല്‍ട്ടറിനെ ലോകത്തെ അത്യപൂര്‍വ പൈതൃക സമ്പത്തുകളിലൊന്നായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റോക് ഷെല്‍ട്ടറിനും പദ്മനാഭപുരം കോട്ടാരത്തിനും ലോക പൈതൃക പദവി നേടിയെടുക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരുടെ സജീവമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുമുണ്ടായി. കന്യാകുമാരി ജില്ലയില്‍ കേരളത്തിന്റെ കൈവശമുള്ളതാണ് പദ്മനാഭപുരം കൊട്ടാരം.
റോക് ഷെല്‍ട്ടറിനെ ലോക പൈതൃക ഇടമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുന്‍പ് ഡോ.എലിസബത്ത് തോമസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചിരുന്നു. യുനസ്‌കോ പരിഗണിക്കുന്ന മാനദണ്ഡങ്ങളില്‍ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ടവ എടക്കല്‍ റോക് ഷെല്‍ട്ടറിനു ലോക പൈതൃക പദവി നേടിയെടുക്കുന്നതിനു പര്യാപ്തമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഗുഹയുടെയും രചനകളുടെയും ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ സംസ്‌കാരിക വകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കാര്യമായ തുടര്‍നടപടി ഉണ്ടായില്ല. പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള യുനസ്‌കോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് 2012ല്‍ ഷെല്‍ട്ടറിലേക്ക് 110 മീറ്റര്‍ നീളവും ശരാശരി ഒരു മീറ്റര്‍ വീതിയും 300 പടികളുമുള്ള സ്റ്റീല്‍ നടപ്പാത നിര്‍മിച്ചത്. 1984ലാണ് എടക്കല്‍ ഗുഹയും അതുള്‍പ്പെടുന്ന 50 സെന്റ് സ്ഥലവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശത്തിലെത്തിയത്.
സെന്റര്‍ ഫോര്‍ ഹെരിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ.എം.ആര്‍.രാഘവ വാര്യര്‍ ചെയര്‍മാനായി രൂപീകരിച്ച ഒമ്പതംഗ വിദഗ്ധ സമിതി അവസ്ഥാപഠനത്തിനു എടക്കല്‍ റോക്ക് ഷെല്‍റ്ററില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2020 സെപ്റ്റംബറില്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ പ്രഥമയോഗം, ത്രിദിന ശില്‍പശാല എന്നിവയോടുനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. വയനാടിന്റെ ചരിത്രപ്പഴമയിലേക്കു വെളിച്ചം വിതറുന്ന എഴുത്തും വരകളുമടങ്ങുന്ന ശിലാഭിത്തികളുള്ള ഗുഹയുടെ നിലവിലെ സ്ഥിതി, ആവശ്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചു സമിതി സര്‍ക്കാരിനു വൈകാതെ റിപ്പോര്‍ട്ട് നല്‍കും. കേരളത്തില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ യോഗ്യമായ സങ്കേതങ്ങളില്‍ ഒന്നാണ് എടക്കല്‍ ഗുഹയെന്നാണ് ബത്തേരിയില്‍ വിദഗ്ധ സമിതിയുടെ ആദ്യ യോഗവും ശില്‍പശാലയും ഉദ്ഘാടനം ചെയ്ത മ്യൂസിയം-തുറമുഖം-പുരാവസ്തു-പുരാരേഖാ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടത്. എടക്കലിനു ലോക പൈതൃക പദവി ലഭ്യമാക്കുന്നതിനുള്ള പരിശ്രമം പുരാവസ്തു വകുപ്പ് നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതു ചരിത്രകാരന്‍മാരിലും വിദ്യാര്‍ഥികളിലും പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Social profiles