വൈത്തിരി അങ്ങാടി കീഴടക്കി തെരുവു നായകള്‍

വൈത്തിരി: തെരുവു നായകളുടെ പരാക്രമം വൈത്തിരിയിലും സമീപങ്ങളിലും നിത്യ സംഭവമായി. ലക്കിടി, പഴയ വൈത്തിരി, സുഗന്ധഗിരി തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവു നായകള്‍ കൂട്ടത്തോടെയാണ് വിലസുന്നത്. ഇത് സ്‌കൂള്‍ കുട്ടികള്‍ അടക്കം കാല്‍നട യാത്രികര്‍ക്കു പ്രയാസം സൃഷ്ടിക്കുകയാണ്. നായകളെ ഭയന്നാണ് വീടുകളില്‍നിന്നു സ്‌കൂളുകളിലേക്കു വിദ്യാര്‍ഥികളുടെ പോക്കും വരവും. നായ ശല്യം നാട്ടുകാര്‍ പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പഞ്ചായത്തിനു കുലുക്കമില്ല. രണ്ടാഴ്ച മുമ്പ് പഴയ വൈത്തിരിയില്‍ നായ നിരവധി ആളുകളെ കടിച്ചു. കടിയേറ്റവര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നേടി. സന്ധ്യയാകുന്നതോടെ നായകള്‍ കൂട്ടമായി വഴിയിലേക്കിറങ്ങുന്നത് നേരം വൈകി ജോലി സ്ഥലങ്ങളില്‍നിന്നും അങ്ങാടികളില്‍നിന്നും വീടുകളിലേക്കു മടങ്ങുന്നവര്‍ക്കു ദുരിതമായി. ബസ്‌സ്റ്റോപ്പ്, അടഞ്ഞു കിടക്കുന്ന കടകളുടെ വരാന്തകള്‍ തുടങ്ങിയ ഇടങ്ങളിലാണ് രാത്രിയില്‍ തെരുവു നായകള്‍ കൂട്ടത്തോടെ തങ്ങുന്നത്. വിശപ്പടക്കുന്നതിനാണ് നായകള്‍ രാപകല്‍ വ്യത്യാസമില്ലാതെ തെരുവുകളില്‍ അലയുന്നത്. തെരുവുനായ പ്രശ്‌നത്തിനു പഞ്ചായത്ത് അടിയന്തര പരിഹാരം കാണണെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles