അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനം അഞ്ചിന്

കല്‍പ്പറ്റ: 1948 ഡിസംബര്‍ മൂന്നിന് സ്ഥാപിതമായ അമ്പലവയല്‍ ഗവ.വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാര്‍ച്ച് 31ന് ആരംഭിച്ച പ്ലാറ്റിനം ജൂബിലി ആഘോഷം അഞ്ചിന് സമാപിക്കും. ജില്ലാതല പ്രവേശനോത്സവം, സാഹിത്യോത്സവം, പൂര്‍വാധ്യാപക-വിദ്യാര്‍ത്ഥി സംഗമം തുടങ്ങി 75 വ്യത്യസ്ത പരിപാടികള്‍ പിന്നിട്ടാണ് പ്ലാറ്റിനം ജൂബിലി സമാപനമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സുരേഷ് താളൂര്‍, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, പിടിഎ പ്രസിഡന്റ് എ. രഘു, പ്രിന്‍സിപ്പല്‍ പി.ജി. സുഷമ, ഹെഡ്മിസ്ട്രസ് കെ.വി. ബിന്ദു, സംഘാടക സമിതി ഭാരവാഹികളായ
ഇ.കെ. ജോണി, പ്രമോദ് ബാലകൃഷ്ണന്‍, എം.കെ. മധുസൂദനന്‍, പി.ആര്‍. വിനേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ എട്ടിന് കുട്ടികളുടെ കലാവിരുന്ന് ആരംഭിക്കും. തുടര്‍ന്ന് ഗോത്രോത്സവം നടക്കും. ഉച്ചയ്ക്ക് 1.30ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.
കെ. ഷമീര്‍ അധ്യക്ഷത വഹിക്കും. സിനി ആര്‍ട്ടിസ്റ്റ് അനുശ്രീ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു നിര്‍വഹിക്കും. നവീകരിച്ച വിഎച്ച്എസ്ഇ കെട്ടിടം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. വിഎച്ച്എസ്ഇ വിഭാഗത്തിലേക്കുള്ള കോണ്‍ക്രീറ്റ് നടപ്പാത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് നിര്‍വഹിക്കും. പ്ലാറ്റിനം ജൂബിലി സ്മരണിക ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍ പ്രകാശനം ചെയ്യും. പ്ലാറ്റിനം ജൂബിലി സ്മാരക ഡിജിറ്റല്‍ ലൈബ്രറി പ്രഖ്യാപനം സുരേഷ് താളൂര്‍ നടത്തും. വിദ്യാലയത്തില്‍നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക എ.വി. ബിന്ദു, അധ്യാപകരായ ഷാജി തോമസ്, കെ. രേണുക എന്നിവരെയും പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ അയ്യൂബ് കേച്ചേരി, ടി.കെ. പുഷ്പരാജന്‍ എന്നീ പൂര്‍വവിദ്യാര്‍ഥികളെയും ആദരിക്കും. വൈകുന്നേരം നാലിന് സംഗീത സംവിധായകനും ഗസല്‍ ഗായകനുമായ ഇഷാന്‍ ദേവ് നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.

0Shares

Leave a Reply

Your email address will not be published.

Social profiles