കല്‍പറ്റയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നു

കല്‍പറ്റ വെള്ളാരംകുന്നില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ്.

കല്‍പറ്റ-നഗരസഭയുടെ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ്(ഹരിത ബയോ പാര്‍ക്ക്) നിര്‍മാണം വെള്ളാരംകുന്നില്‍ പൂര്‍ത്തിയാകുന്നു. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ സമ്പൂര്‍ണ ജൈവ മാലിന്യ സംസ്‌കരണ സംവിധാനമുള്ള സംസ്ഥാനത്തെ മൂന്നാമത്തെയും വയനാട്ടിലെ ആദ്യത്തേയും നഗരസഭയായി കല്‍പറ്റ മാറും.
വെള്ളാരംകുന്നില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ഏക്കര്‍ സ്ഥലമാണ് പ്ലാന്റിനായി ഉപയോഗപ്പെടുത്തിയത്. 1.10 കോടി രൂപയാണ് നിര്‍മാണച്ചെലവ്. കെട്ടിട നിര്‍മാണത്തിനു 88.75 ഉം യന്ത്രോപകരണങ്ങള്‍ക്കു 20 ഉം ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ശുചിത്വ മിഷനും മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററാണ് പ്ലാന്റ് നിര്‍മാണം ഏറ്റെടുത്തത്. മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂനിറ്റും പ്ലാന്റിന്റെ ഭാഗമാണ്.
പ്ലാന്റിലെ വിന്‍ഡ്രോകളില്‍ ഇനോകുലം(ആര്‍ട്ടിഫിഷ്യല്‍ ബാക്ടീരിയ)തളിച്ചു നിക്ഷേപിക്കുന്ന മാലിന്യം 45 ദിവസം കഴിയുമ്പോള്‍ വളമായി മാറും. മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂനിറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതോടെ നഗരസഭയിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നു ചെയര്‍മാന്‍ കേയെംതൊടി മുജീബ് പറഞ്ഞു. നഗരസഭയില്‍ ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണ് വീടുകളില്‍നിന്നു ജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മാലിന്യശേഖരണം പരാതിരഹിതമാക്കുന്നതിനു ഹരിതകര്‍മസേനയുടെ അംഗബലം വര്‍ധിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.

Leave a Reply

Your email address will not be published.

Social profiles