വര്‍ഗീയ വിഷം നീങ്ങാന്‍ പതിറ്റാണ്ടുകള്‍ കഴിയണം: പറക്കാല പ്രഭാകര്‍

പറക്കാല പ്രഭാകര്‍

കല്‍പറ്റ: രാജ്യത്തിന്റെ ചിന്തയില്‍നിന്നു വര്‍ഗീയ വിഷം നീങ്ങാന്‍ രണ്ടു പതിറ്റാണ്ടെങ്കിലും കഴിയണമെന്ന് സാമ്പത്തികവിദഗ്ധനും രാഷ്ട്രീയനിരീക്ഷകനുമായ പറക്കാല പ്രഭാകര്‍. എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാര്‍ഥം കൈനാട്ടി പദ്മപ്രഭാഗ്രന്ഥാലയത്തില്‍ സെക്യുലര്‍ കലക്ടീവിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘മതേതരത്വം നേരിടുന്ന പ്രതിസന്ധി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളും ഹിന്ദുക്കളാണെന്ന് പറയുന്ന നിര്‍ണായക വഴിത്തിരിവിലാണ് ഇന്ത്യന്‍ രാഷ്ട്രീയം. ജീവിക്കണമെങ്കില്‍ ഞങ്ങള്‍ക്കുകീഴില്‍ ജീവിക്കുകയെന്ന നിലപാടിലേക്ക് ബിജെപി മാറി.
മുമ്പ് മറ്റുള്ളവരെ കാണിക്കാന്‍ ബിജെപിക്ക് ന്യൂനപക്ഷ പ്രതിനിധികള്‍ വേണമായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ഇപ്പോള്‍ ദേശസ്‌നേഹികളെന്നു പറയുന്നത്. മതേതരത്വം വീരേന്ദ്രകുമാര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ ഒന്നായിരുന്നുവെന്നും പറക്കാല പ്രഭാകര്‍ പറഞ്ഞു. ഡോ.ടി.പി.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി.ബി. സുരേഷ് ‘ആരൂഡം വളഞ്ഞ നവ ഇന്ത്യ’ എന്ന പുസ്തകം സി.വി.ജോയിക്ക് നല്‍കി പ്രകാശനം ചെയ്തു. പറക്കാല പ്രഭാകരനെ സൂപ്പി പള്ളിയാല്‍ പൊന്നാടയണിയിച്ചു. ഡോ.കെ.ടി.അഷ്‌റഫ്, ടി.വി.രവീന്ദ്രന്‍, കെ.പ്രകാശന്‍, ഇ.ശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles