ബഫര്‍ സോണ്‍: 27നു വയനാട് കലക്ടറേറ്റ് പടിക്കല്‍ 5,000 പേരുടെ ധര്‍ണ

കല്‍പറ്റയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത യോഗത്തില്‍ ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനി പ്രസംഗിക്കുന്നു.

കല്‍പറ്റ-സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസകേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാകുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവ കൂട്ടായ പ്രക്ഷോഭം നടത്തുന്നു. സമരത്തിന്റെ ഭാഗമായി 27നു കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ജൂലൈ ആദ്യവാരം സെക്രട്ടറിയറ്റ് ഉപരോധവും സംഘടിപ്പിക്കും. രണ്ടു പരിപാടികളിലും 5,000 ആളുകളെ പങ്കെടുപ്പിക്കാന്‍ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരാണ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ നീങ്ങേണ്ടതെന്നു യോഗം അഭിപ്രായപ്പെട്ടു. വയനാട് ഉള്‍പ്പെടെ ജില്ലകള്‍ക്ക് അനുകൂലമാകുന്ന വിധത്തില്‍ പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കുന്നതില്‍ കേന്ദ്ര മന്ത്രാലയത്തിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ ഇടപെടണം. വിഷയത്തില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സ്വന്തം നിലയ്ക്കു കൂട്ടായ്മ സമ്മര്‍ദം ചെലുത്തും. ഇക്കാര്യത്തില്‍ രാജ്യത്തെ മുതിര്‍ന്നഅഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തും. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. വയനാട് ചെംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ജനറല്‍ സെക്രട്ടറി മില്‍ട്ടണ്‍ ഫ്രാന്‍സിസ്, ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മനാഫ്, അനീഷ് നായര്‍, അഡ്വ.ഫാ.തോമസ് ജോസഫ് തേരകം, ഒ.വി.വര്‍ഗീസ്, ഇ. ഹൈദ്രു, ലക്ഷ്മണദാസ്, കെ.ഉസ്മാന്‍, പി.വൈ.മത്തായി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles