വയനാട്ടില്‍ 46 ഇനം നീര്‍ പക്ഷികള്‍;
ചൂളന്‍ എരണ്ടയുടെ എണ്ണത്തില്‍ കുറവ്

പുള്ളിച്ചുണ്ടന്‍ താറാവ്

കല്‍പറ്റ-വയനാട്ടില്‍ 46 ഇനം നീര്‍ പക്ഷികള്‍.ഏഷ്യന്‍ നീര്‍പക്ഷി സെന്‍സസിന്റെ ഭാഗമായി ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയും വയനാട് സോഷ്യല്‍ ഫോറസ്ട്രിയും പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് റട്ടൂഫ നേച്ചര്‍ ക്ലബും സംയുക്തമായി കഴിഞ്ഞ എട്ട്, ഒമ്പത് തിയതികളില്‍ നടത്തിയ സര്‍വേയിലാണ് ഇത്രയും ഇനങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 140 ഇനങ്ങളില്‍പ്പെടുന്ന 1,470 ഓളം മറ്റു പക്ഷികളെയും സര്‍വേയില്‍ കാണാനായി. ബാണാസുര അണക്കെട്ട്, കാരാപ്പുഴ, ആറാട്ടുതറ, വള്ളിയൂര്‍കാവ്, പനമരത്തെ നെല്‍വയലുകള്‍, വയനാട് വന്യജീവി സങ്കേതത്തിലെ അമ്മവയല്‍, ഗോളൂര്‍ എന്നിവിടങ്ങളിലായിരുന്നു സര്‍വേ. നീര്‍ത്തട ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് ജീവിക്കുകയും ദേശാടനത്തിനായി വരികയും ചെയ്യുന്ന നീര്‍പക്ഷികളെ പട്ടികപ്പെടുത്തുന്നതിനുള്ള ശ്രമമാണ് സര്‍വേയിലുടെ നടത്തിയതെന്നു ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ് പറഞ്ഞു.
പുള്ളിച്ചുണ്ടന്‍ താറാവ്, പച്ച എരണ്ട, വര്‍ണ്ണക്കൊക്ക്, ചൂളന്‍ എരണ്ട, പുഴ ആള എന്നിവയാണ് സര്‍വേയില്‍ കണ്ടെത്തിയ പ്രധാനപ്പെട്ട നീര്‍പക്ഷി ഇനങ്ങള്‍. ഗോളൂരില്‍ ദേശാടനപക്ഷിയായ ചെമ്മാറന്‍ പാറ്റപിടിയനെ സര്‍വേ സംഘത്തിനു കാണാന്‍ കഴിഞ്ഞു. കേരളത്തിലെ ഇതര ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണത്തില്‍ കുറവെങ്കിലും വയനാട്ടിലെ തണ്ണീര്‍ത്തടങ്ങളില്‍ കാട്ടുതാറാവുകളുടെയും ദേശാടന താറാവുകളുടെയും എണ്ണത്തില്‍ ചെറിയ തോതിലുള്ള വര്‍ധനവുണ്ടെന്നു മനസ്സിലാക്കാന്‍ സര്‍വേ ഉതകി. പത്തുവര്‍ഷം മുമ്പു വരെ ജില്ലയില്‍ പുള്ളിച്ചുണ്ടന്‍ താറാവ്, പച്ച എരണ്ട എന്നീ ഇനം പക്ഷികള്‍ അത്യപൂര്‍മായിരുന്നു. കാരാപ്പുഴ റിസര്‍വോയര്‍ കമ്മീഷന്‍ ചെയ്തശേഷം കുന്നുകളോടുചേര്‍ന്നുള്ള ആഴംകുറഞ്ഞ ജലാശയങ്ങള്‍ ജല പക്ഷികള്‍ക്ക് വളരാനും പ്രജനനം നടത്താനും യോജ്യമായ ആവാസവ്യവസ്ഥയായി രൂപപ്പെട്ടു. ഇതു പുള്ളിച്ചുണ്ടന്‍ താറാവ്, പച്ച എരണ്ട എന്നിവയുടെ എണ്ണത്തില്‍ വര്‍ധനവിനു കാരണമായി. ജില്ലയില്‍ ചൂളന്‍ എരണ്ടയുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് സര്‍വേയില്‍ വ്യക്തമായത്. ഈ ഇനത്തിലെ മൂന്നു പക്ഷികളെ മാത്രമാണ് സര്‍വേയില്‍ കാണാനായത്.

Leave a Reply

Your email address will not be published.

Social profiles