ഭൂമി തരംമാറ്റാന്‍ അനുമതിയായില്ല;
റോപ് വേ നിര്‍മാണം തുടങ്ങാനാകാതെ വെസ്‌റ്റേണ്‍ ഗാട്ട്‌സ് കമ്പനി

കല്‍പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴില്‍ രൂപീകരിച്ച വെസ്റ്റേണ്‍ ഗാട്ട്‌സ് ഡവലപ്‌മെന്റ് കമ്പനിയുടെ പ്രഥമ പദ്ധതിയായ ചുരം റോപ് വേയുടെ പ്രവൃത്തി ഉദ്ഘാടനം വൈകുന്നു. പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി അടിവാരത്തു കമ്പനി വാങ്ങിയ 10 ഏക്കര്‍ ഭൂമി തരംമാറ്റുന്നതിനുള്ള ശുപാര്‍ശ കോഴിക്കോട് ജില്ലാ കലക്ടര്‍ റവന്യൂ സെക്രട്ടറി കാര്യാലയത്തിലേക്കു അയയ്ക്കാത്തതാണ് പ്രവൃത്തി തുടങ്ങുന്നതിനു തടസ്സം. റോപ് വേയുടെ അപ്പര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനു ലക്കിടിയില്‍ കമ്പനി വാങ്ങിയ രണ്ട് ഏക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കര്‍ വനം വകുപ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നം ഏറെക്കുറെ നീങ്ങി. ബത്തേരി താലൂക്കിലെ ചീരാലിനു സമീപം രണ്ട് ഏക്കര്‍ സ്വകാര്യ ഭൂമി വിലയ്ക്കുവാങ്ങി വനം വകുപ്പിനു കൈമാറിയാണ് ലക്കിടിയില്‍ അപ്പര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള തടസ്സം ഒഴിവാക്കിയത്. ലക്കിടിയില്‍ നിര്‍മാണത്തിനു അനുമതി വനം-പരിസ്ഥിതി മന്ത്രാലയം വൈകാതെ ലഭ്യമാക്കുമെന്നാണ് വിവരം.
അടിവാരത്തെ ഭൂമി തരംമാറ്റുന്നതിനുള്ള ശുപാര്‍ശ റവന്യൂ സെക്രട്ടറിക്കു അയയ്ക്കുന്നതു മുട്ടുന്യായങ്ങള്‍ പറഞ്ഞ് കോഴിക്കോട് കലക്ടര്‍ നീട്ടുന്നതാണ് റോപ് വേ പ്രവൃത്തി ഉദ്ഘാടനത്തിനു തീയതി തീരുമാനിക്കുന്നതിനു തടസ്സമെന്നു വെസ്റ്റേണ്‍ ഗാട്ട്‌സ് കമ്പനി പ്രതിനിധികള്‍ പറയുന്നു. പദ്ധതിക്കായി അടിവാരത്തു ഉപയോഗപ്പെടുത്തുന്ന ഭൂമി പണ്ട് റബര്‍ പ്ലാന്റേഷന്‍ ആയിരുന്നു. ഭൂമി തരംമാറ്റലിനു അപേക്ഷ മൂന്നു വര്‍ഷം മുമ്പാണ് റവന്യൂ വകുപ്പധികാരികള്‍ക്കു കമ്പനി സമര്‍പ്പിച്ചത്. റവന്യൂ സെക്രട്ടറിയുടെ കാര്യാലയത്തില്‍നിന്നു പരിശോധനയ്ക്കു വിട്ട അപേക്ഷയില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസറും തഹസില്‍ദാരും അനുകൂല നിലപാടാണ് സ്വീകരിച്ചത്. തഹസില്‍ദാരുടെ കാര്യാലയത്തില്‍നിന്നു റിപ്പോര്‍ട്ട് സഹിതം കലക്ടറേറ്റിലെത്തിയ അപേക്ഷ ഒരു വര്‍ഷത്തിലധികമായി തീര്‍പ്പുകാത്തു കിടക്കുകയാണ്. പദ്ധതി സാധ്യമാക്കുന്നതിനു പര്യാപ്തമായ ശുപാര്‍ശ റവന്യൂ സെക്രട്ടറിക്കു അയയ്്ക്കുന്നതിനു കല്‍പറ്റ, തിരുവമ്പാടി, കോഴിക്കോട് എം.എല്‍.എമാര്‍ മുഖേന കമ്പനി കലക്ടറില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും പ്രത്യേക ഫലം ഉണ്ടായില്ല. കോഴിക്കോട് ജില്ലാ വികസന സമിതിയും റോപ്‌വേ പദ്ധതിക്കുള്ള തടസ്സം ഒന്നിലധികം തവണ ചര്‍ച്ച ചെയ്തതാണ്.
വയനാടിന്റെ വികസനത്തില്‍ നാഴികക്കല്ലാകുന്നതാണ് റോപ് വേയെന്നു വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും കമ്പനി മേധാവികളില്‍ ഒരാളുമായ ജോണി പാറ്റാനി പറഞ്ഞു. 3,670 മീറ്റര്‍ റോപ്‌വേയിലൂടെ ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റേപ്‌വേയായിരിക്കും ഇത്. താമരശേരി ചുരത്തില്‍ ഏകദേശം രണ്ട് ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. മൂന്നു വര്‍ഷം മുമ്പ് 70 കോടി രൂപയാണ് പദ്ധതിക്കു കണക്കാക്കിയ ചെലവ്. ഇരുമ്പ് അടക്കം നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം ചെലവില്‍ ഗണ്യമായ വര്‍ധനവിനു കാരണമാകും.

0Shares

Leave a Reply

Your email address will not be published.

Social profiles