സംസ്ഥാന പാതയോരത്ത് മാലിന്യം കുന്നുകൂടുന്നു

സംസ്ഥാന പാതയില്‍ മുരണിക്കര ഭാഗത്ത് മാലിന്യം നിക്ഷേപിച്ച നിലയില്‍

കമ്പളക്കാട്: കല്‍പറ്റ മാനന്തവാടി സംസ്ഥാനപാതയുടെ മടക്കിമല മുതല്‍ പുളിയാര്‍മല വരെയുള്ള ഭാഗങ്ങളില്‍ മാലിന്യം കുന്നു കൂടുന്നു. പട്ടാപകലടക്കം ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോഴും അധികൃതര്‍ അന്ധത നടിക്കുന്നു. സംസ്ഥാനപാതയില്‍ മടക്കിമലയിലെ ഗവ. എല്‍.പി. സ്‌കൂള്‍ കഴിഞ്ഞാല്‍ പിന്നെ റോഡിന്റെ ഇരുഭാഗവും മാലിന്യങ്ങളുടെ കൂമ്പാരമാണ്. മടക്കിമല കഴിഞ്ഞ് പുളിയാര്‍മല വരെയുള്ള വിജനമായ നാലുകിലോമീറ്ററോളം റോഡരികില്‍ പലയിടത്തും മാലിന്യം തള്ളുകയാണ്. പഴക്കംചെന്നതും അല്ലാത്തതുമായ വീടുകളിലെ മാലിന്യം, അറവുമാലിന്യം, കുട്ടികളുടെ ഡയപ്പറുകള്‍, നാപ്കിനുകള്‍, ഇലക്ട്രിക് മാലിന്യം, മദ്യക്കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ തുടങ്ങി എല്ലാ മാലിന്യങ്ങളുടെയും നിക്ഷേപകേന്ദ്രായിരിക്കുകയാണ് പ്രദേശം. മുരണിക്കര, വെള്ളമ്പാടി ഭാഗങ്ങളിലാണ് ഇവ കുന്നുകൂടുന്നത്. കാടുമൂടിയ ഭാഗങ്ങളിലും ചിലയിടത്ത് റോഡില്‍പ്പോലും മാലിന്യം കാണാം. ചാക്കുകെട്ടുകളില്‍ പതിവായി ഇവിടെ മാലിന്യം വന്നെത്തുന്നുമുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന ജില്ലയിലെ പ്രധാന റോഡുകളിലൊന്നിനാണ് ഈ ദുരവസ്ഥ. മാസങ്ങളോളം പഴക്കമുള്ള, ചാക്കുകളിലും കവറുകളിലുമായി കെട്ടിവെച്ച മാലിന്യം ചീഞ്ഞുനാറി തുടങ്ങിയിട്ടുണ്ട്. രാത്രിയാണ് കൂടുതലായും മാലിന്യം വലിച്ചെറിയുന്നത്. നിരന്തരം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.

0Shares

Leave a Reply

Your email address will not be published.

Social profiles