വയനാടന്‍ ജനതയെ ചരിത്രവഴികളിലൂടെ നടത്താന്‍ പുസ്തകവുമായി ജോസഫും ജോണും

ജോസഫ് ചക്കാലക്കല്‍, എസ്.ഡി.ജോണ്‍.

കല്‍പറ്റ: ചാലിപ്പുഴ എങ്ങനെ കല്‍പറ്റയായി? ഇളംമുറയിലുള്ളവര്‍ക്കു മാത്രമല്ല, പഴമക്കാരിലും ഈ ചോദ്യത്തിനു ഉത്തരം അറിയാവുന്നവര്‍ വിരളം. എന്നാല്‍ ചാലിപ്പുഴയ്ക്കു സംഭവിച്ച നാമ മാറ്റത്തിന്റ കഥ കാല്‍നൂറ്റാണ്ടു മുമ്പ് ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി നഗരസഭ പ്രസിദ്ധപ്പെടുത്തിയ വികസന രേഖയിലുണ്ട്.
ഇന്നത്തെ ഇരുമ്പുപാലം പുഴയാണ് ചാലിപ്പുഴ. ചാലിയന്‍മാര്‍(നെയ്ത്തുകാര്‍) കൂട്ടമായി താമസിച്ചു തുണി നെയ്തിരുന്ന ഇടം ആയിരുന്നതിനാലാണ് പ്രദേശം ചാലിപ്പുഴ എന്നറിയപ്പെട്ടത്. പില്‍ക്കാലത്ത് വാണിജ്യാവശ്യങ്ങള്‍ക്കും മറ്റുമായി കര്‍ണാടകയില്‍നിന്നു എത്തിയ ജൈനന്‍മാരാണ് ചാലിപ്പുഴയെ കല്‍പേട്ട എന്നു വിളിച്ചത്. കല്ലിന്റെ നാട് എന്ന അര്‍ത്ഥത്തിലായിരുന്നു ഇത്. കാലപ്രയാണത്തില്‍ കല്‍പേട്ട ലോപിച്ചാണ് കല്‍പറ്റയായത്.
വയനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളും കല്‍പറ്റ മുനിസിപ്പാലിറ്റിയും വികസന രേഖ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ചരിത്രം പറയുന്നതാണ് വികസന രേഖയിലെ ഒരധ്യായം. ‘ചരിത്ര പശ്ചാത്തലം’ എന്ന ശീര്‍ഷകത്തിലുള്ള ഈ അധ്യായങ്ങള്‍ ഉള്‍പ്പെടുന്ന ‘വയനാടന്‍ ഗ്രാമങ്ങളുടെ ചരിത്ര പശ്ചാത്തലം’എന്ന ഗ്രന്ഥം വായനക്കാരില്‍ എത്തുകയാണ്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച ജോസഫ് ചക്കാലക്കലും എസ്.ഡി.ജോണുമാണ് ദേശ ചരിത്രങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്. 27നു ജില്ലാ ആസൂത്രണ ഭവന്‍ ഹാളിലാണ് വയനാടന്‍ ജനതയെ ചരിത്ര വഴികളിലൂടെ നടക്കാന്‍ സഹായിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം.

‘വയനാടന്‍ ഗ്രാമങ്ങളുടെ ചരിത്ര പശ്ചാത്തലം’എന്ന പുസ്തകത്തിന്റെ കവര്‍.


മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും പ്രത്യേകം ചുമതലപ്പെടുത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് വിശദമായ വിവരശേഖരണം നടത്തി വികസന രേഖയില്‍ ഉള്‍പ്പെടുത്തുന്നതിനു ‘ചരിത്ര പശ്ചാത്തലം’ എന്ന അധ്യായം തയാറാക്കിയത്. വില്യം ലോഗന്റെ ‘മലബാര്‍ മാന്വല്‍’, ഒ.കെ.ജോണിയുടെ ‘വയനാടിന്റെ സാംസ്‌കാരിക ഭൂമിക’ ചരിത്രകാന്‍മാരായ ഡോ.എം.എസ്.നാരായണന്‍, ഡോ.എം.ആര്‍.രാഘവവാര്യര്‍, ഡോ.കെ.കെ.എന്‍.കുറുപ്പ്, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവരുടെ പഠനങ്ങളും ബ്രീട്ടീഷ് രേഖകളും ചരിത്ര രചനയ്ക്കു സന്നദ്ധ പ്രവര്‍ത്തകര്‍ അവലംബമാക്കി. പഴമക്കാരുടെ ഓര്‍മകളും ഉപയോഗപ്പെടുത്തി.
നൂറുകണക്കിനു സന്നദ്ധ പ്രവര്‍ത്തകര്‍ ത്യാഗം സഹിച്ചു തയാറാക്കിയ ചരിത്ര രേഖ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഗ്രന്ഥം പുറത്തിറക്കുന്നതിനു പ്രേരണയായതെന്നു റിട്ട.ഓഡിറ്റ് ഓഫീസര്‍ ജോസഫും റിട്ട.സ്‌പെഷല്‍ ഗ്രേഡ് സെക്രട്ടറി ജോണും പറഞ്ഞു. പുസ്തകം തയാറാക്കുന്നതിനായി ഏറെ ക്ലേശം സഹിച്ചാണ് 25 ആണ്ടുകള്‍ മുമ്പത്തെ വികസന രേഖകള്‍ സമ്പാദിച്ചത്. പ്രദേശിക ചരിത്രവും അടങ്ങുന്ന വികസന രേഖ പല തദ്ദേശ സ്ഥാപനങ്ങളിലും നിലവില്‍ ലഭ്യമല്ലെന്നും അവര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles