എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച് സി.പി.എം

യു.ഡി.എഫ് പ്രവര്‍ത്തകര്‍ എസ്.പി ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കുന്നു.

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ നടന്ന എസ്.എഫ്.ഐ അതിക്രമത്തെ അപലപിച്ച് സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയറ്റ്. ജനാധിപത്യസമരങ്ങള്‍ അക്രമാസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പി, യു.ഡി.എഫ് ശ്രമത്തെ ബഹുജനങ്ങളെ അണിനിരത്തി നേരിടുകയെന്നതാണ് പാര്‍ട്ടി നിലപാട്.
മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാനും സി.പി.എം കൊടികള്‍ കത്തിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ നേതൃത്വം ആശീര്‍വദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതില്‍പോലും അക്രമത്തിന്റെ പാതയല്ല സി.പി.എം സ്വീകരിച്ചത്. അക്രമ സമരരീതി രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഭൂഷണമല്ല.
രാഹുല്‍ ഗാന്ധി എംപിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മക്കെതിരെ നടത്തിയ പ്രകടനം അക്രമത്തില്‍ കലാശിച്ചത് ശരിയായില്ല. വിഷയം പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കും. സംഭവത്തിന് ഉത്തരവാദികളെ സംരക്ഷിക്കില്ലെന്നും സെക്രട്ടറിയറ്റ് അറിയിച്ചു.
കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ വിദ്യാര്‍ഥികള്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ തള്ളിക്കയറി നാശനഷ്ടങ്ങള്‍ വരുത്തി. 200ല്‍പരം വിദ്യാര്‍ഥികളാണ് പ്രകടനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 50 ഓളം പേരാണ് എം.പി ഓഫീസില്‍ ഇരച്ചുകയറിയത്. പ്രകടനം എത്തുമ്പോള്‍ ഓഫീസ് പരിസരത്തു ഏതാനും പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇവര്‍ നിസഹായരായി നോക്കിനില്‍ക്കെയാണ് എസ്.എഫ്‌.െഎക്കാര്‍ ഓഫീസില്‍ കടന്നത്. കാബിന്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ അടിച്ചുതകര്‍ത്ത അക്രമികള്‍ ഓഫീസില്‍ വാഴത്തൈ നാട്ടി. ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പള്ളിക്കു മര്‍ദനത്തില്‍ പരിക്കേറ്റു. ഇദ്ദേഹം കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശനം നേടി. രാഹുല്‍ഗാന്ധിയുടെ ചിത്രം വലിച്ചുതാഴെയിടുന്നതു എതിര്‍ത്തപ്പോഴാണ് എസ്.എഫ്.ഐക്കാര്‍ വളഞ്ഞുവെച്ച് മര്‍ദിച്ചതെന്നു അഗസ്റ്റിന്‍ പറഞ്ഞു.
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു എത്തിയ പോലീസ് അറസ്റ്റു ചെയ്തു നീക്കുന്നതു വിദ്യാര്‍ഥികള്‍ തടഞ്ഞതു ഓഫീസിനു പുറത്തു സംഘര്‍ഷത്തിനു കാരണമായി. പോലീസ് ലാത്തിവീശിയാണ് വിദ്യാര്‍ഥികളടക്കം സ്ഥലത്തുണ്ടായിരുന്നവരെ അകറ്റിയത്. ലാത്തിച്ചാര്‍ജില്‍ എസ്.എഫ.്‌ഐ-ഡി.വൈ.എഫ.്‌ഐ, കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. തലയ്ക്കു പരിക്കേറ്റ ഡി.വൈ.എഫ്‌ഐ. ജില്ലാ പ്രസിഡന്റ് കെ.എ.ഫ്രാന്‍സിസിനെ ആശുപത്രിയിലാക്കി. പ്രകടനം അക്രമാസക്തമായതു അറിഞ്ഞാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ എം.പി ഓഫീസ് പരിസത്ത് എത്തിയത്. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് കല്‍പറ്റ മണ്ഡലം മുന്‍ പ്രസിഡന്റ് കെ.കെ.രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ ബ്ലോക്ക് പ്രസിഡന്റ് ഡിന്റോ ജോസ് എന്നിവര്‍ക്കും ലാത്തിയടിയേറ്റു. പരിക്കേറ്റ ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ വനിത ഉള്‍പ്പടെ മൂന്നു പോലീസുകാര്‍ക്കു പരിക്കുണ്ട്. വനിത സെല്‍ എസ്.ഐ ജാനകി, കല്‍പറ്റ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സീത, ജൂനൈദ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ നേടി. എസ്.എഫ്.ഐ-ഡി.വൈ.എഫ.്‌ഐ, യുഡിഎഫ് പ്രവര്‍ത്തകരെ നീക്കിയതിനുശേഷവും എ.ംപി ഓഫീസ് പരിസരത്തു സംഘര്‍ഷാവസ്ഥയുണ്ടായി.
അക്രമത്തില്‍ പ്രതിഷേധിക്കാനെത്തിയ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും എം.പി ഓഫീസിനു മുന്നില്‍ ദേശീയപാതയില്‍ കുറച്ചുനേരം കുത്തിയിരുന്നു. പിന്നീട് ഇവര്‍ അക്രമികള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ മൂുദ്രാവാക്യം മുഴക്കി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കു മാര്‍ച്ച് നടത്തി. എം.പി ഓഫീസില്‍നിന്നു ഏകദേശം 150 മീറ്റര്‍ അകലെയാണ് ജില്ലാ പോലീസ് ചീഫിന്റെ ഓഫീസ്. മാര്‍ച്ച് കാര്യാലയ പരിസരത്തു പോലീസ് തടഞ്ഞു. ഇതു നേരിയ ഉന്തിനും തള്ളിനും കാരണമായി. പിന്നീടു നേതാക്കളും പ്രവര്‍ത്തകരും ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി.
എം.പി ഓഫീസില്‍ നടന്ന അതിക്രമം പോലീസ് ഒത്താശയോടെയാണെന്നു ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ആരോപിച്ചു. സി.പി.എം ജില്ലാ നേതാക്കളാണ് വിദ്യാര്‍ഥികളെ എം.പി ഓഫീസില്‍ അക്രമത്തിനു അയച്ചതെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles