എന്റെ ജില്ല: പരാതികളില്‍ നടപടി ഉറപ്പാക്കണമെന്നു വികസന സമിതി

കല്‍പ്പറ്റ ആസൂത്രണഭവനില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം

കല്‍പ്പറ്റ: എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിവിധ വകുപ്പുകള്‍ക്ക് പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളും അഭിപ്രായങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിലും സമയബന്ധിതമായി നടപടി സ്വീകരിച്ച് മറുപടി നല്‍കുന്നതിനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എന്റെ ജില്ല മൊബൈല്‍ ആപ്പില്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന പരാതികള്‍ക്ക് നിയമാനുസൃതമായ നടപടി സ്വീകരിച്ച് പരാതി പരിഹരിച്ച്, വിവരം http://entejilla.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും നല്‍കണം. പരാതി രൂപേന അല്ലാത്ത പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ക്കും ഇത്തരത്തില്‍ മറുപടി നല്‍കണം. വെബ്‌സൈറ്റില്‍ വരുന്ന പ്രതികരണങ്ങള്‍ നിരീക്ഷിക്കുന്നതിനു ഓരോ ഓഫീസിലും ഒരു ജീവനക്കാരനെ നിയോഗിക്കണം. എന്റെ ജില്ല മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരും ജില്ലാ വികസന സമിതി യോഗങ്ങളില്‍ പ്രത്യേക അജന്‍ഡയായി ചര്‍ച്ച ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി. കല്‍പ്പറ്റ ബൈപാസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് യൂട്ടിലിറ്റി ഷിഫ്റ്റിഗിന് കാലതാമസമുണ്ടാകരുതെന്ന് വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുളള എസ്റ്റിമേറ്റ് കെആര്‍എഫ്ബിക്ക് സമര്‍പ്പിച്ചതായി വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് അധികൃതര്‍ അറിയിക്കുന്ന മുറയ്ക്ക് ഷിഫ്റ്റിംഗ് ചെയ്യുന്നതാണെന്ന് കെഎസ്ഇബി അധികൃതരും അറിയിച്ചു. കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ എന്‍എച്ച് 766ല്‍ കാല്‍നടയാത്രക്കാര്‍ക്കായി നിലവിലെ പാലത്തിനോട് ചേര്‍ന്ന് ഇരുമ്പ് നടപ്പാലം നിര്‍മിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്ന് ദേശീയപാത വിഭാഗം അറിയിച്ചു. കല്‍പ്പറ്റ ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കുമെന്നു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പട്ടികവര്‍ഗ വിഭാഗക്കാരുടെ വീടുകളുടെ ചോര്‍ച്ച പരിഹരിക്കുന്നതിനുളള പ്രൊപ്പോസല്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പദ്ധതികളുടെ കൃത്യമായ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ വികസന സമിതി യോഗങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍തന്നെ പങ്കെടുക്കണമെന്നു യോഗം നിര്‍ദേശിച്ചു. എഡിഎം എന്‍.ഐ. ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles