എം.പി ഓഫീസ് ആക്രമണം: യു.ഡി.എഫ് റാലിയില്‍ പങ്കാളികളായതു നേതാക്കളുടെ നിര

*ദേശാഭിമാനി വയനാട് ബ്യൂറോയ്ക്കു നേരേ കല്ലേറ്

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ നടന്ന എസ.്എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നഗരത്തില്‍ നടത്തിയതു കൂറ്റന്‍ റാലി. കോടതി പരിസരത്തു ആരംഭിച്ച് പുതിയ സ്റ്റാന്‍ഡിനടുത്ത് സമാപിച്ച റാലിയില്‍ സ്ത്രീകള്‍ അടക്കം അനേകം യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. സര്‍ക്കാരിനും സി.പി.എമ്മിനും എതിരേ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു. ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി. റാലിയുടെ മുന്നിലും പിന്നിലും റോഡിന്റെ വശങ്ങളിലും പോലീസ് നിലയുറപ്പിച്ചിരുന്നു. റാലി കടന്നുപോകുന്നതിനിടെ ആനപ്പാലത്തു വഴിയോരത്തുണ്ടായിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുടെ ചിത്രങ്ങളടങ്ങിയ ഫഌക്‌സ് യുവാക്കളില്‍ ചിലര്‍ കീറിയെറിഞ്ഞു. റാലിക്കിടെ ദേശാഭിമാനി ജില്ലാ ബ്യൂറോയ്ക്കു നേരേ കല്ലെറുണ്ടായി. യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ഒരു സംഘം അനന്തവീര തിയറ്റര്‍ പരിസരത്തുനിന്നുതിരിഞ്ഞ് പള്ളിത്താഴെ റോഡിലൂടെ ബ്യൂറോ പരിസരത്ത് എത്തിയാണ് കല്ലേറ് നടത്തിയത്. പള്ളിത്താഴെ തോപ്പില്‍ റംലയുടെ വീടിനു മുകള്‍ നിലയിലാണ് ദേശാഭിമാനി ബ്യൂറോ. വീട്ടുടമ ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിന്‍മാറിയത്. എറിഞ്ഞ കല്ലുകളിലെന്നും ബ്യൂറോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പതിച്ചില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ബ്യൂറോ പരിസരത്തു യു.ഡി.എഫുകാര്‍ മുഴക്കിയതെന്നു ദേശാഭിമാനി ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായി ബ്യൂറോ ചീഫ് പി.ആര്‍.ഷിജു അറിയിച്ചു.
എം.പി ഓഫീസില്‍ നടന്ന അക്രമത്തിലുള്ള പ്രതിഷേധത്തിനൊപ്പം രാഹുല്‍ ഗാന്ധിയോടുള്ള ബഹുമാനവും സ്‌നേഹവും പ്രകടമാക്കുന്നതുമായിരുന്നു യു.ഡി.എഫ് റാലി. ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, മറ്റു എം.പിമാരായ കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, രമ്യ ഹരിദാസ്, ടി.എന്‍.പ്രതാപന്‍, എം.എല്‍.എമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന്‍, മാത്യു കുഴല്‍നാടന്‍, ഷാഫി പറമ്പില്‍, എ.പി.അനില്‍കുമാര്‍, യു.ഡി.എഫ് നേതാക്കളായ എന്‍.ഡി.അപ്പച്ചന്‍, പി.പി.എ.കരീം, പി.എം.നിയാസ്, കെ.കെ.അബ്രഹാം, പി.എം.എ.സലാം, കെ.എം.ഷാജി, കെ.എല്‍.പൗലോസ്, പി.കെ.ജയലക്ഷ്മി, റസാഖ് കല്‍പറ്റ തുടങ്ങിയവര്‍ റാലിക്കു നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles