മോദി നിര്‍ത്തിയിടത്തു പിണറായി തുടങ്ങി-കെ.സി.വേണുഗോപാല്‍

കല്‍പറ്റയില്‍ യു.ഡി.എഫ് പൊതുസമ്മേളനം കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:രാഹുല്‍ഗാന്ധിക്കെതിരായ നീക്കം മോദി നിര്‍ത്തിയിടത്താണ് പിണറായി വിജയന്‍ തുടങ്ങിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. യു.ഡി.എഫ് പ്രതിഷേധ റാലിക്കുശേഷം പുതിയ സ്റ്റാന്‍ഡ് പരിസരത്തു നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലം എട്ട് ചോദ്യങ്ങള്‍ ഉന്നയിച്ച് അവസാനിപ്പിക്കേണ്ടിടത്ത് 54 മണിക്കൂറാണ് രാഹുല്‍ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. അത്രയും നേരമിരുന്നാല്‍ രാഹുല്‍ഗാന്ധി ക്ഷീണിച്ചുപോകുമെന്നാണ് മോദി കരുതിയത്. എന്നാല്‍ അങ്ങനെ തളരുന്നയാളല്ല രാഹുല്‍ഗാന്ധിയെന്ന് തിരിച്ചറിഞ്ഞതോടെ ഇ.ഡി ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു. മോദി നിര്‍ത്തിയിടത്തു പിണറായി തുടങ്ങിയതിനു ഉദാഹരണമാണ് കല്‍പറ്റയില്‍ എം.പി ഓഫീസിനു നേരേ ഉണ്ടായ എസ്.എഫ്.ഐ അക്രമം. അക്രമികളെ ഓഫീസിലേക്കു കടത്തിവിടാന്‍ അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ക്കു നിര്‍ദേശം കൊടുത്തതു ആരെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ഡിവൈ.എസ് .പിക്ക് തനിച്ചു തീരുമാനം എടുക്കാനാവില്ല. അപ്പോള്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്ത ഉന്നതന്‍ ആരെന്നു അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ സ്വാഗതം പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ
സാന്നിധ്യം ഗൗരവതരം-കെ.സുധാകരന്‍ എം.പി

കല്‍പറ്റ:രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസില്‍ ഉണ്ടായ അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ സാന്നിധ്യം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. യു.ഡി.എഫ് റാലിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സി.പി.എം നേതൃത്വത്തിന്റെ അനുവാദത്തോടെയായിരുന്നു എസ്.എഫ്.ഐ അക്രമം. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കാന്‍ സി.പി.എം സമ്മര്‍ദം ചെലുത്തിയത് ഇതിനു തെളിവാണ്. അക്രമത്തിന് പിന്നില്‍ സി.പി.എം നേതൃത്വത്തിന്റെ കറുത്ത കരങ്ങളുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പ്രഹസമാണെന്നും സുധാകരന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles