കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ സായാഹ്ന ഒ.പി. തുടങ്ങുന്നു

കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികള്‍.

കല്‍പറ്റ: കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ജൂലൈ ഒന്നു മുതല്‍ സായാഹ്ന ഒ.പി പ്രവര്‍ത്തിക്കും. രോഗികളുടെ ബാഹുല്യവും അത്യാഹിത വിഭാഗത്തിലെ തിരക്കും കണക്കിലെടുത്താണ് സായാഹ്ന ഒ.പി സൗകര്യം ഒരുക്കാന്‍ നഗരസഭ തീരുമാനിച്ചതെന്നു ചെയര്‍മാന്‍ മുജീബ് കെയെംതൊടി പറഞ്ഞു.
നിലവില്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരെയാണ് ജനറല്‍ ഒ.പി. അത്യാഹിത വിഭാഗത്തിന്റെ ഡോക്ടര്‍മാരുടെ സേവനം പൂര്‍ണസമയവും ലഭിക്കുന്നുണ്ട്. ദിവസം ശരാശരി 1,300 പേരാണ് കൈനാട്ടി ആശുപത്രിയില്‍ ചികിത്സയ്ക്കു എത്തുന്നത്. ജനറല്‍ ഒ.പിയില്‍ ഡോക്ടറുടെ സേവനം ഉച്ചവരെ മാത്രമായത് വലിയ തിരക്കിനു കാരണമാകുന്നുണ്ട്. ഉച്ചകഴിഞ്ഞു ഒ.പി ഇല്ലാത്തതിനാല്‍ നിസാര രോഗങ്ങള്‍ക്കും അത്യാഹിത വിഭാഗത്തെയാണ് ആളുകള്‍ സമീപിക്കുന്നത്. ഇത്അത്യാഹിത വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സായാഹ്ന ഒ.പി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇതിനു പരിഹാരമാകും. തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവര്‍ക്കു ജോലിക്ക് ശേഷം ജനറല്‍ ഒ.പിയില്‍ ഡോക്ടറെ കാണാനാവും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് മതിയായ ചികില്‍സയും പരിചരണവും നല്‍കാനും തിരക്കൊഴിവാക്കാനും സായാഹ്‌ന ഒ.പി സഹായകമാകൂം. സായാഹ്‌ന ഒ.പിയിലേക്ക് ആവശ്യമായ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് തുടങ്ങിയ ജീവനക്കാരുടെ സേവനം ഉറപ്പാക്കാക്കുന്നതിനു നടപടികള്‍ പൂര്‍ത്തിയായി. നഗരസഭ പദ്ധതി വിഹിതത്തില്‍നിന്നു 10 ലക്ഷം രൂപയാണ് സായാഹ്ന ഒ.പിക്കായി ചെലവഴിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles