സ്‌കൂളിലെ ജൈവ വൈവിധ്യ പാര്‍ക്ക് ശ്രദ്ധേയമാവുന്നു

മൂളിത്തോട് നാഷണല്‍ എ.എല്‍.പി സ്‌കൂളിലെ ജൈവവൈവിധ്യ പാര്‍ക്ക്

മാനന്തവാടി: വേറിട്ട രീതീയില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിച്ച് മാതൃകയായരിക്കുകയാണ് എടവക മൂളിത്തോട് നാഷണല്‍ എ.എല്‍.പി സ്‌കൂള്‍. വര്‍ഷങ്ങളുടെ പരിശ്രമ ഫലമായാണ് സ്‌ക്കൂളിന്റെ 50 സെന്റ് സ്ഥലത്ത് വൈവിധ്യങ്ങളായ ഫലവൃക്ഷങ്ങളും, ചെടികളും, ഔഷധസസ്യങ്ങളും നട്ട് വളര്‍ത്തിയിരിക്കുന്നത്. അത്യപൂര്‍വ്വ ഇനത്തില്‍പ്പെട്ടതും അന്യം നിന്ന് പോയികൊണ്ടിരിക്കുന്നതുമായ നാട്ടുമാവ്, വിവിധ ഇനം നാരങ്ങകള്‍, ഭക്ഷണ യോഗ്യമായ ഇലസസ്യങ്ങള്‍, പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിനായുള്ള ചെടികള്‍, ആമ്പല്‍ പൂക്കള്‍ എന്നിവയും നാടന്‍ മീനുകളെ വളര്‍ത്തുന്നതിനും, തവളകളുടെ പ്രജനനത്തിനുമായുള്ള രണ്ട് കുളങ്ങള്‍, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് കളിസ്ഥലം എന്നിവയെല്ലാം പാര്‍ക്കില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഒരപ്പ് നാട്ടറിവ് കേന്ദ്രം സംഘടിപ്പിച്ച ചക്ക- മാങ്ങ ശില്‍പ്പശാലയും, ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്തംഗം ഉഷ വിജയന്‍ നിര്‍വ്വഹിച്ചു. സലീം അധ്യക്ഷത വഹിച്ചു. പി.ജെ മാനുവല്‍ ആമുഖ പ്രഭാഷണം നടത്തി. ശശികുമാര്‍, സിസ്റ്റര്‍ ഫിലോമിന, പ്രദീഷ്, സിസ്റ്റര്‍ ലീന വര്‍ഗീസ് സംസാരിച്ചു. ചക്കകളുടെയും, മാങ്ങകളുടെയും മറ്റ് ഭക്ഷ്യ വിഭവങ്ങളുടെയും പ്രദര്‍ശനവും, നാടന്‍പാട്ട് അവതരണവും നടന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles