സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വയനാട് വിത്തുത്സവം 18നു തുടങ്ങും

കല്‍പറ്റ-ആറാമത് വയനാട് വിത്തുത്സവം ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണനിലയത്തില്‍ 18, 19 തീയതികളില്‍ നടത്തും. ഡോ.സ്വാമിനാഥന്‍ ഗവേഷണ നിലയം, വയനാട് ആദിവാസി വികസന സമിതി, സീഡ് കെയര്‍ എന്നിവ സംയുക്തമായാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ വിത്തിനങ്ങളുമായി ഉത്സവത്തില്‍ പങ്കെടുക്കും. 18നു രാവിലെ 10നു കൃഷി മന്ത്രി പി.പ്രസാദ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ടി.സിദ്ദീഖ് എം.എല്‍.എ മുഖ്യാതിഥിയാകും. വിത്ത്-വിള വൈവിധ്യ സംരക്ഷണം, തനത് ആവാസ വ്യവസ്ഥയുടെ പരിപോഷണം എന്നിവ കണക്കിലെടുത്ത് ഫൗണ്ടേഷന്‍ ആദിവാസി വിഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത സുരേഷ് മരവയല്‍, ഗോപിനാഥന്‍ ആലത്തൂര്‍, അനില്‍ കുമിള്‍പുര എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ഭിന്നശേഷിക്കാരിയായ പട്ടികവര്‍ഗ കര്‍ഷക വെള്ളമുണ്ട കൊല്ലിയില്‍ കുംഭയെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും. സമാപന സമ്മേളനം 19നു വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വിത്തുത്സവത്തിനു ഒരുക്കം പൂര്‍ത്തിയായതായി ഗവേഷണ നിലയം ഡയറക്ടര്‍ ഡോ.വി.ഷക്കീല, ആദിവാസി വികസന സമിതി പ്രസിഡന്റ് എ.ദേവകി, സീഡ് കെയര്‍ പ്രസിഡന്റ് വി.കെ.കൃഷ്ണന്‍, കണ്‍വീനര്‍ ജോസഫ് ജോണ്‍ എന്നിവര്‍ അറിയിച്ചു. ഉത്സവത്തിലെ പ്രധാന പരിപാടികളിലൊന്നാണ് വിത്തിനങ്ങളുടെ കൈമാറ്റം.

Leave a Reply

Your email address will not be published.

Social profiles