പരിസ്ഥിതി ലോല മേഖല: മാനന്തവാടി രൂപത റാലിയും ധര്‍ണയും നടത്തി

മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടത്തിയ റാലി.

മാനന്തവാടി: മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റാലിയും ഡി.എഫ്.ഒയുടെ കാര്യാലയ പരിസരത്തു ധര്‍ണയും നടത്തി. സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നു ആവശ്യപ്പെട്ടായിരുന്നു പരിപാടി. പോസ്റ്റ് ഓഫീസ് പരിസരത്ത് ആരംഭിച്ച റാലി രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ ഫഌഗ്ഓഫ് ചെയ്തു. സ്ത്രീകളടക്കം അനേകം ആളുകള്‍ റാലിയില്‍ അണിനിരന്നു. ധര്‍ണ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ നിസ്സംഗതയും ദീര്‍ഘവീക്ഷണമില്ലാത്ത നയരൂപീകരണങ്ങളുമാണ് ശാന്തശീലരും കഠിനാദ്ധ്വാനികളുമായ കര്‍ഷകജനത തെരുവിലിറങ്ങുന്നതിനു കാരണമായതെന്നു അദ്ദേഹം പറഞ്ഞു. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ നിയമസഭ ബിരിയാണിച്ചെമ്പ് പോലുള്ള നിസ്സാര കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിച്ച് ജനജീവിതത്തെ ബാധിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ പരിസ്ഥിതി ലോല മേഖല വിഷയം ചര്‍ച്ച ചെയ്യണമെന്നു ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു. വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷത വഹിച്ചു. കിഫ സംസ്ഥാന പ്രസിഡന്റ് അലക്‌സ് ഒഴുകയില്‍, ഹരിതസേനാ ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍, മാനന്തവാടി ലത്തീന്‍ പള്ളി വികാരി ഫാ.വില്യംരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഉസ്മാന്‍, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സുനില്‍ ജോസ് മഠത്തില്‍, കാര്‍ഷിക പുരോഗമന സമിതി പ്രതിനിധി ഗഫൂര്‍ വെണ്ണിയോട്, കെ.സി.വൈ.എം പ്രതിനിധി ടെസിന്‍ വയലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫാ.സുനില്‍ വട്ടുകുന്നേല്‍, ഫാ.ബിജു മാവറ, ഫാ.സണ്ണി മഠത്തില്‍, ഫാ.ബാബു മാപ്ലശേരി, ഫാ.ആന്റോ മമ്പള്ളി, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ഫാ.ഷാജി മുളകുടിയാങ്കല്‍, ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ഫാ.സിജേഷ് ചിറക്കത്തോട്ടത്തില്‍, സാലു അബ്രഹാം മേച്ചേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles