വയനാട്ടില്‍ മൂന്നു ഇനം കഴുകന്‍മാര്‍, 27 പരുന്തു വര്‍ഗങ്ങള്‍, ഒമ്പതിനം മൂങ്ങകള്‍

കല്‍പറ്റ-വയനാട്ടില്‍ വന്യജീവി സങ്കേതത്തിലും നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലും നടന്ന ത്രിദിന സര്‍വേയില്‍ ഒമ്പത് ഇനം കഴുകന്‍മാരെയും 27 പരുന്തു വര്‍ഗങ്ങളെയും ഒമ്പതിനം മൂങ്ങകളെയും കണ്ടെത്തി. വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷകരും കെ.എഫ്.ആര്‍.ഐ(പീച്ചി), കോളേജ് ഓഫ് ഫോറസ്ട്രി(തൃശൂര്‍), സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ്(വയനാട്), ഗവ.ആര്‍ട്‌സ് കോളേജ്(കോഴിക്കോട്) ഫറൂഖ് കോളേജ്(കോഴിക്കോട്) എന്നിവിടങ്ങളില്‍നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും അടക്കം 80 പേര്‍ വനത്തില്‍ 24 ഇടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ കഴുകന്‍-പരുന്ത് സര്‍വേയിലാണ് ഇത്രയും കഴുകന്‍, മുങ്ങ ഇനങ്ങളുടെയും പരുന്തുവര്‍ഗങ്ങളുടെയും സാന്നിധ്യം സ്ഥിരീകരിച്ചത്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.നരേന്ദജ്രബാബു, ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.രഞ്ജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. ആകെ 227 ഇനം പക്ഷികളെയാണ് വനത്തില്‍ കാണാനായതെന്നു സര്‍വേയില്‍ പങ്കെടുത്ത പക്ഷി ശാസ്ത്രജ്ഞരായ സത്യന്‍ മേപ്പയൂര്‍, അബ്ദുല്‍ റിയാസ്, സന്ദീപ്ദാസ് എന്നിവര്‍ പറഞ്ഞു.
ചുട്ടി, കാതില, തവിട്ട് എന്നിവയാണ് സര്‍വേയില്‍ കണ്ടെത്തിയ കഴുകന്‍ ഇനങ്ങള്‍. മുത്തങ്ങ വനത്തിലെ കാക്കപ്പാടത്ത് 38 ചുട്ടി കഴുകന്‍മാരും മൂന്ന് കാതില കഴുകന്‍മാരും പുള്ളിമാനിന്റെ ജഡം ഭക്ഷിക്കുന്നതു സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ദക്ഷിണേന്ത്യയില്‍ അവശേഷിക്കുന്ന കഴുകന്‍മാരുടെ മുഖ്യ ആവാസസ്ഥലമാണ് വയനാടന്‍ കാടുകള്‍. സര്‍വേയില്‍ കാണാനായ പരുന്തുവര്‍ഗങ്ങളില്‍ ജര്‍ഡന്‍സ് ബാസ, യുറേഷ്യന്‍ സ്പാരോ ഹോക്ക്, ലെഗ്ഗീസ് ഹോക്ക് ഈഗിള്‍ എന്നിവ ഉള്‍പ്പെടും. രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ജീവിവര്‍ഗമാണ് വംശനാശത്തിന്റെ വക്കിലുള്ള കഴുകന്‍മാര്‍. വളര്‍ത്തുമൃഗങ്ങളിലെ ഡൈക്ലോഫെനാക്, കേറ്റോപ്രോഫിന്‍ തുടങ്ങിയ വേദന സംഹാരികളുടെ അമിതമായ ഉപയോഗമാണ് കഴുകന്‍മാരുടെ കൂട്ടനാശത്തിനു കാരണമായത്. വനത്തിലും അതിര്‍ത്തിയിലും ചാകുന്ന മൃഗങ്ങളുടെ, വേദന സംഹാരികളുടെ അംശം അടങ്ങിയ മാംസം ആഹരിച്ചാണ് കഴുകന്‍മാരില്‍ ഏറെയും ചത്തത്. 2017ല്‍ വയനാട്ടില്‍ നടന്ന സര്‍വേയില്‍ 24 പരുന്തുവര്‍ഗങ്ങളെയും ചുട്ടി, കാതില എന്നിങ്ങനെ രണ്ടിനം കഴുകന്‍ ഇനങ്ങളെയുമാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published.

Social profiles