കമ്പളക്കാട് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി: വോട്ടര്‍ പട്ടികയില്‍നിന്നു 430 പേരുകള്‍ വെട്ടിനീക്കിയെന്നു യു.ഡി.എഫ്

കല്‍പറ്റ: കമ്പളക്കാട് റബര്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍നിന്നു 430 പേരുകള്‍ ആസൂത്രിതമായി വെട്ടിമാറ്റിയതായി യു.ഡി.എഫ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം പദ്ധതിയുടെ ഭാഗമായാണ് സംഘത്തിന്റെ തുടക്കംമുതല്‍ അംഗങ്ങളായിരുന്നവരുടെ പേരുകള്‍ പട്ടികയില്‍നിന്നു നീക്കം ചെയ്തു പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയതെന്നു അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൊസൈറ്റിയിലേക്കു ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പു നടന്നത് 2014ലാണ്. പിന്നീട് ദീര്‍ഘകാലം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണത്തിലായിരുന്നു. ജൂലൈ ഒന്നിനു തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. സംഘം ആസ്ഥാനമായ കമ്പളക്കാട് സൗകര്യം ഉണ്ടായിട്ടും വോട്ടെടുപ്പ് കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ തീരുമാനിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ വോട്ടെടുപ്പില്‍നിന്നു അകറ്റനിര്‍ത്തുകയെന്ന താത്പര്യമാണ് ഇതിനു പിന്നില്‍.
സംഘത്തില്‍ 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിനായിരുന്നു ഭൂരിപക്ഷം. 2014ല്‍ യു.ഡി.എഫ് പാനലിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് വോട്ടവകാശമുള്ള 1085 അംഗങ്ങളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 430 പേരുകളാണ് നീക്കിയത്. നിലവിലെ വോട്ടര്‍ പട്ടികയില്‍ 1039 പേരാണ് ഉള്ളത്. സഹകരണ ഉദ്യോഗ്സ്ഥരുമായി ഗൂഢാലോചന നടത്തി പഴയ പേരുകള്‍ വെട്ടിനീക്കിയാണ് പുതിയ പേരുകള്‍ ചേര്‍ത്തത്. ഇങ്ങനെ തിരികിക്കയറ്റിയതില്‍ അംഗത്വം അനുവദിച്ചപ്പോള്‍ 12 ഉം 13 ഉം വയസായിരുന്നവരും ഉണ്ട്. സംഘത്തിലെ ലഡ്ജറുകളും പഴയ രേഖകളും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഉദ്യോഗസ്ഥ സഹായത്തോടെ അപ്പാടെ മാറ്റി. വ്യക്തമായ രേഖകള്‍ സഹിതം ഇലക്ടറല്‍ ഓഫീസര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്നു യു.ഡി.എഫ് പ്രതിനിധികള്‍ സമര്‍പ്പിച്ച ഹരജിയില്‍ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ ഹൈക്കോടതി ഉത്തരവായെങ്കിലും തകരാര്‍ ഇല്ലെന്നാണ് ഇലക്ടറല്‍ ഓഫീസര്‍ രേഖാമൂലം അറിയിച്ചത്.
കമ്പളക്കാട് സംഘം കണ്ണൂര്‍ മോഡലില്‍ പിടിച്ചെടുക്കാനാണ് സി.പി.എം ശ്രമം. ജൂണ്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. മെയ് 30നു മുമ്പ് പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം ജൂണ്‍ രണ്ടിനു ഒരു പത്രത്തില്‍ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. വിജ്ഞാപന പ്രകാരം പ്രാഥമിക വോട്ടര്‍ പട്ടിക ജൂണ്‍ ഒന്നിനാണ് പ്രസിദ്ധീകരിക്കേണ്ടത്. എന്നാല്‍ ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയിലാണ് പ്രാഥമിക പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ഇക്കാര്യവും വിശദീകരിച്ചാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും യു.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു. വി.പി.യൂസഫ്, മാണി ഫ്രാന്‍സിസ്, അബ്ദുല്‍ ഗഫൂര്‍ കാട്ടി, വി.എസ്.സിദ്ദീഖ്, മൊയ്തൂട്ടി കാവുങ്ങല്‍, കുഞ്ഞമ്മദ് നെട്ടോളി എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles