ആനശല്യത്തില്‍നിന്നു മുക്തമാകാതെ പഴയ വൈത്തിരി

പഴയവൈത്തിരി അന്തോണിക്കുന്നുമലയില്‍ തേയിലത്തോട്ടത്തില്‍ ഇനങ്ങിയ കാട്ടാനകള്‍

വൈത്തിരി: ആനശല്യത്തില്‍നിന്നു മുക്തമാകാതെ പഴയ വൈത്തിരിക്കടുത്ത വട്ടപ്പാറ, മുള്ളന്‍പാറ, ചാരിറ്റി, അന്തോണിക്കുന്നുമല പ്രദേശങ്ങള്‍. മഴയുടെ ശക്തി കൂടുമ്പോഴും ഇവിടങ്ങളില്‍ ആനശല്യത്തിന് കുറവില്ല. സാധാരണ വേനലിലാണ് ആഹാരം തേടി ആനകള്‍ കൂട്ടമായി ജനവാസ മേഖലകളില്‍ എത്തുന്നത്. കഴിഞ്ഞദിവസം രാത്രി പഴയ വൈത്തിരി അന്തോണിക്കുന്നുമലയില്‍ ആറ് ആനകളാണ് ഇറങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ വനത്തിലേക്കു തുരത്തിയത്.
ആനകളെ ഭയക്കാതെ തേയിലത്തോട്ടങ്ങളില്‍ ജോലിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്‍. പെരുവഴികളും ആനകള്‍ വിഹാരഭൂമിയാക്കുകയാണ്. വാഹനം വഴിയിലിട്ട് ഓടിമറയേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നു പഴയ വൈത്തിരിയിലെ ജാസിര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ മേയുന്ന ആനകള്‍ വന്‍ തോതിലാണ് വിളനാശം വരുത്തുന്നത്. വര്‍ഷങ്ങളുടെ അധ്വാനം നിമിഷനേരം കൊണ്ടാണ് ഇല്ലാതാകുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്ത കൃഷിയിറക്കുന്നവരാണ് കര്‍ഷകരില്‍ പലരും. കൃഷിനാശത്തിനു തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ആനശല്യത്തിനു പരിഹാരം കാണുന്നതിനു ശാസ്ത്രീയ പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് പഴയ വൈത്തിരിയിലും സമീപങ്ങളിലുമുള്ളവരുടെ ആവശ്യം. വനത്തില്‍ ഭക്ഷണവും വെള്ളവും സുലഭമാക്കിയാല്‍ ആനകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ കുറയുമെന്നു അഭിപ്രായപ്പെടുന്നവര്‍ ജനങ്ങള്‍ക്കിടയിലുണ്ട്.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്

0Shares

Leave a Reply

Your email address will not be published.

Social profiles