മെഡിസെപ്: വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാര്‍ പ്രതിഷേധത്തില്‍

കല്‍പറ്റ: വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഡിസെപ് പദ്ധതിയുമായി ബന്ധപ്പെട്ടു അമര്‍ഷം നുരയുന്നു. മെഡിസെപ് ഗുണഭോക്താവാകുന്നതിനു മൂന്നു വര്‍ഷത്തെ പ്രീമിയമായി 18,000 രൂപ മുന്‍കൂര്‍ അടയ്ക്കണമെന്ന നിബന്ധനയാണ് ഇവരില്‍ ലോസരം സൃഷ്ടിക്കുന്നത്. വിരമിച്ച 2000 ഓളം പങ്കാളിത്ത പെന്‍ഷന്‍കാരില്‍ 16 പേര്‍ മാത്രമാണ് പ്രീമിയം ഇനത്തില്‍ 18,000 രൂപ അടയ്ക്കുന്നതിനു ധനവകുപ്പിനു സമ്മതപത്രം നല്‍കിയത്. ഇതില്‍ത്തന്നെ പലരും പ്രീമിയം അടച്ചില്ല. നാമമാത്ര പെന്‍ഷന്‍ ലഭിക്കുന്ന തങ്ങളെ പ്രീമിയം ബാധ്യതയില്‍നിന്നു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു ചിലര്‍ ധനവകുപ്പ് അധികാരികള്‍ക്കു നിവേദനം നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാര്‍ മെഡിസെപ് ഗുണഭോക്താക്കളാകുന്നതിനു മൂന്ന് വര്‍ഷത്തെ പ്രീമിയമായ 18,000 രൂപ ഒറ്റത്തവണ മുന്‍കൂറായി ഒടുക്കണമെന്നും ഇതിനു സമ്മതപത്രം നല്‍കണമെന്നും 2021 ഡിസംബര്‍ 16ന് ധനവകുപ്പ് പുറപ്പെടുവിച്ച പരിപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു നിവേദനം. സര്‍വീസിലുള്ള ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാര്‍ക്കും മാസം 500 രൂപയാണ് മെഡിസെപ് പ്രീമിയം. ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍നിന്നാണ് സര്‍ക്കാര്‍ ഇതു പിടിക്കുന്നത്.
ഇതിനകം വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാരില്‍ ഭൂരിപക്ഷത്തിനും മാസം 500 മുതല്‍ 800 വരെ രൂപയാണ് പെന്‍ഷന്‍. അതിനാല്‍ത്തന്നെ മൂന്നു വര്‍ഷത്തെ പ്രീമിയം ഒന്നിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയിലാണ് അധികം പേരും.
സംസ്ഥാനത്തെ 10 ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഗുണം ലഭിക്കുന്നതാണ് മെഡിസെപ് പദ്ധതി. ജീവനക്കാരുടെ പ്രീമിയം ശമ്പളത്തില്‍നിന്നു ജൂണ്‍ മുതലും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരുടേത് പെന്‍ഷനില്‍നിന്നു ജൂലൈ മുതലും ഈടാക്കിത്തുടങ്ങും.
വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപിലൂടെ ലഭിക്കുക. ഉപയോഗിക്കാത്ത തുകയില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെ അടുത്ത ഇന്‍ഷുറന്‍സ് കാലത്തേക്ക് മാറ്റാം.
വാര്‍ധക്യകാലത്ത് പെന്‍ഷന്‍ സുരക്ഷ ഇല്ലാത്ത തങ്ങള്‍ക്ക് മെഡിസെപ് പ്രീമിയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം കനത്ത പ്രഹരമായെന്നു വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാര്‍ പറയുന്നു. പ്രശ്‌നത്തില്‍ സര്‍വീസ് സംഘടനകള്‍ ഇടപെടാത്തതിലും അവര്‍ നിരാശയിലാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുപോലും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള നാട്ടിലാണ് തങ്ങള്‍ക്കു ദുരനുഭവമെന്നും വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാര്‍ ചൂണ്ടിക്കാട്ടുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles