ഫാ.ഷിബു കുറ്റിപറിച്ചേല്‍ മെത്രാപ്പോലീത്ത പദവയിലേക്ക്
*മെത്രാഭിഷേകം സെപ്റ്റംബര്‍ 14നു ലബനോനില്‍

നിയുക്ത മെത്രാപ്പോലീത്ത ഫാ.ഷിബു കുറ്റിപറിച്ചേല്‍.

കല്‍പറ്റ:വൃക്കദാനം ഉള്‍പ്പടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ശ്രദ്ധേയനായ ഫാ.ഷിബു കുറ്റിപറിച്ചേല്‍ മെത്രാന്‍ പദവിയിലേക്ക്. ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനമായ സിറിയയിലെ ലബനോനില്‍ സെപ്റ്റംബര്‍ 14നാണ് മെത്രാഭിഷേകം. ഇതു സംബന്ധിച്ച കല്‍പന സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ പുറപ്പെടുവിച്ചു. കല്‍പന കഴിഞ്ഞ ദിവസം പുത്തന്‍കുരിശ് സഭാ ആസ്ഥാനത്തു ലഭിച്ചു.
വയനാട്ടിലെ നെന്‍മേനി പഞ്ചായത്തില്‍പ്പെട്ട മാടക്കര പാലാക്കുന്നി സ്വദേശിയാണ് 44 കാരനായ ഫാ.ഷിബു കുറ്റിപറിച്ചേല്‍. കെ.സി.യോഹന്നാന്‍-കെ.ഒ.അന്നമ്മ ദമ്പതികളുടെ നാലു മക്കളില്‍ ഇളയതാണ്. സൂസന്‍, ഷാജി, കുര്യാച്ചന്‍ എന്നിവരാണ് സഹോദരങ്ങള്‍. മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയാണ് മാതൃ ഇടവക.
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം എറണാകുളം മുളന്തുരുത്തിയ്ക്കടുത്തുള്ള വെട്ടിക്കല്‍ എം.എസ.്ഒ.ടി തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് ദൈവശാസ്ത്രത്തിലും ബിരുദം കരസ്ഥമാക്കി. ഇതിനുശേഷം ബംഗളൂരു, ജര്‍മനി എന്നിവടങ്ങളില്‍ തുടര്‍പഠനം നടത്തി.
മലബാര്‍ ഭദ്രാസനത്തിന്റെ ഇടയശ്രേഷ്ഠനായിരുന്ന പുണ്യശ്ലോകനായ താനോനോ അഭി.ഡോ.യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് വലിയ തിരുമേനിയില്‍നിന്നു മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍വച്ച് 2002 മെയ് ഏഴിനാണ് കോറൂയോ, യൗഫ്ദ്‌യക്‌നോ സ്ഥാനങ്ങളും 2003 ഓഗസ്റ്റ് ഏഴിനു മ്ശംശോനോ, കശീശ്ശാ സ്ഥാനങ്ങളും സ്വീകരിച്ചത്.
സ്വദേശത്തും വിദേശത്തുമായി നിരവധി പള്ളികളില്‍ ശൂശ്രൂഷ ചെയ്തു. വൈദിക സെമിനാരി വാര്‍ഡന്‍, അധ്യാപകന്‍, നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ അരമന മാനേജര്‍, മെത്രാപ്പോലീത്തായുടെ സെക്രട്ടറി, മലബാര്‍ ഭദ്രാസത്തിന്റെ അരമന അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സില്‍ അംഗം, കുടുംബ യൂണിറ്റുകളുടെ കോ ഓര്‍ഡിനേറ്റര്‍, മന്ന ഡയറക്ടര്‍, എം.ജെ.എസ.്എസ്.എ മലബാര്‍ ഭദ്രാസന വൈസ് പ്രസിഡന്റ്, കോഴിക്കോട് കൃപാലയം ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍, മുളന്തുരുത്തി വെട്ടിക്കല്‍ എം.എസ.്ഒ.ടി സെമിനാരിയിലെ സ്പിരിച്വല്‍ ഫാദര്‍ എന്നീ നിലകളില്‍ ശൂശ്രൂഷ ചെയ്തു. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് മെത്രാന്‍ സ്ഥാനത്തേക്ക് ഭദ്രാസനം പേര് നിര്‍ദേശിച്ചത്.
2016ലാണ് തൃശൂര്‍ ചാവക്കാട് സ്വദേശിനി ഹയറുന്നീസയ്ക്കു കിഡ്‌നി ദാനം ചെയ്തു ഫാ.ഷിബു മാതൃകയായത്. കഴിഞ്ഞ 12 വര്‍ഷമായി എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല നടപ്പാക്കുന്ന രക്തദാന-നേത്രദാന ജീവകാരുണ്യ പദ്ധതിയായ ജ്യോതിര്‍ഗമയയുടെ സഹ രക്ഷാധികാരിയാണ്. 16 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles