തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രിക്കു ഒന്നും അറിയില്ല-രാഹുല്‍ഗാന്ധി

വയനാട്ടിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രിക്കു ഒന്നും അറിയില്ലന്നു രാഹുല്‍ഗാന്ധി എം.പി. കോളിയാടിയില്‍ നെന്‍മേനി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവില്ലാത്തതുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയെ
പരാജയപ്പെട്ട പദ്ധതിയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് തൊഴിലുറപ്പു പദ്ധതിക്കുള്ളത്. അടിസ്ഥാന വര്‍ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ പദ്ധതിക്കു കഴിഞ്ഞു. പദ്ധതി നെല്‍ക്കൃഷിയില്‍ ഉള്‍പ്പെടെ ബാധകമാക്കണം. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലിന് മിനിമം വേതനം എന്നത് പദ്ധതി വന്നതിനുശേഷമാണ് രാജ്യത്തുണ്ടായത്. പദ്ധതിയില്‍ ഒരാള്‍ക്കു വര്‍ഷം ലഭിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണം 200 ആയും ദിവസക്കൂലി 400 രൂപയായും വര്‍ധിപ്പിക്കണം. തൊഴില്‍ദിനങ്ങളുടെ എണ്ണവും കൂലിയും വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. ഇക്കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ടി.സിദ്ദീഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം, എടക്കല്‍ മോഹനന്‍, ഗീത വിജയന്‍, ജയമുരളി, കെ.വി.ബേബി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles