പോലീസ് റിപ്പോര്‍ട്ടുകള്‍ സി.പി.എമ്മിനു പൂമഴയായി

കല്‍പറ്റ:രാഹുല്‍ഗാന്ധി എം.പിയുടെ കൈനാട്ടി ഓഫീസില്‍ എസ്.എഫ്.ഐ അക്രമം നടന്ന ജൂണ്‍ 24നു ഗാന്ധിജിയുടെ ഛായാചിത്രം ചുമരില്‍നിന്നു വീണു തകര്‍ന്നതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ടുകള്‍ സി.പി.എമ്മിനു ആശ്വാസമായി. എം.പി ഓഫീസില്‍നിന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോയതിനുശേഷമാണ് ഗാന്ധിജിയുടെ ചിത്രം നിലത്തുവീണു തകര്‍ന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ടുകളില്‍.
ഗാന്ധിജിയുടെ ചിത്രം നിലത്തുവീണതുമായി ബന്ധപ്പെട്ടു യു.ഡി.എഫ് നേതൃത്വം സി.പി.എമ്മിനെയും എസ്.എഫ്.ഐയെയും കടന്നാക്രമിച്ചിരുന്നു. എസ്.എഫ്.ഐക്കാര്‍ നടത്തിയതു ഗാന്ധി നിന്ദയാണെന്നും ഇതിനു സി.പി.എം നേതൃത്വം ചൂട്ടുപിടിച്ചുവെന്നുമായിരുന്നു യു.ഡി.എഫ് സംസ്ഥാന, ജില്ലാ നേതാക്കളുടെ ആരോപണം. എസ.്എഫ്.ഐക്കാര്‍ എം.പി ഓഫീസില്‍നിന്നു മടങ്ങുമ്പോള്‍ ഗാന്ധിജിയുടെ ചിത്രം ചുമരില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നു നിശ്ചല, വീഡിയോ ചിത്രങ്ങളുടെ പിന്‍ബലത്തില്‍ സി.പി.എം നേതൃത്വം വാദിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ വേണ്ടവിധം ഏശിയില്ല. ഈ ഘട്ടത്തിലാണ് പോലീസ് റിപ്പോര്‍ട്ടുകളിലെ വിവരം പുറത്തുവന്നത്. പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളും മാധ്യമങ്ങളില്‍വന്ന ദൃശ്യങ്ങളും അടിസ്ഥാനമാക്കി ജില്ലാ പോലീസ് മേധാവിയും ക്രൈംബ്രാഞ്ച് എസ്.പിയും വേവ്വേറെ തയാറാക്കി മേലധികാരികള്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലാണ് ഗാന്ധി ചിത്രം നിലത്തുവീണതില്‍ എസ്.എഫ്.ഐയ്ക്കു പങ്കില്ലെന്നു പറയുന്നത്. ഇതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതാണ് സി.പി.എമ്മിനു ആശ്വാസമായത്.
പോലീസ് റിപ്പോര്‍ട്ടുകളെ വരികള്‍ക്കിടയില്‍ വായിച്ച് സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കൂരമ്പുകള്‍ എയ്യുകയാണ്.
ഗാന്ധിജിയുടെ ചിത്രം എസ്.എഫ്.ഐക്കാര്‍ തകര്‍ത്തുവെന്നു പറഞ്ഞ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് പോലീസ് റിപ്പോര്‍ട്ടുകളില്‍ മറുപടി പറയണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐക്കാര്‍ ഗാന്ധി ചിത്രം തകര്‍ത്തിട്ടില്ലെന്ന നിലപാടാണ് സി.പി.എം ആദ്യംമുതലേ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ പോലീസ് പരിശോധനയില്‍ വ്യക്തതവന്ന സാഹചര്യത്തില്‍ ഗാന്ധി ചിത്രം തകര്‍ത്ത കോണ്‍ഗ്രസുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഗഗാറിന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി രാഷ്ട്രപിതാവിന്റെ ചിത്രം തകര്‍ത്തതിനു ഡി.സി.സി നേതൃത്വം മറുപടി പറയണമെന്ന് സി.പി.എം സംസ്ഥാന സമിതിയംഗവും എല്‍.ഡി. എഫ് ജില്ലാ കണ്‍വീനറുമായ സി.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി രാഷ്ട്രപിതാവാണെന്നതു മറന്നത് എസ്.എഫ്.ഐ അല്ല, കോണ്‍ഗ്രസുകാരാണ്. ഗാന്ധിജിയോടുള്ള അവഹേളനത്തിനു രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോടു മാപ്പുപറയണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
അതിനിടെ, സി.പി.എം നേതാക്കള്‍ പറഞ്ഞുകൊടുത്തതുപോലെ പോലീസ് തയാറാക്കിയതാണ് റിപ്പോര്‍ട്ടുകളെന്നു ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കൊത്ത് പോലീസ് തിരക്കഥ മെനയുകയാണ്. ഗാന്ധിജിയുടെ ചിത്രം നിലത്തിട്ടതു കോണ്‍ഗ്രസുകാരാണെന്നു മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. കേസ് അന്വേഷണം ഇതിനൊത്ത രീതിയില്‍ നടത്താനുള്ള പോലീസ് നീക്കമാണ് ഇപ്പോള്‍ കാണുന്നത്.
എം.പി. ഓഫീസില്‍ അക്രമം ഉണ്ടാകുമെന്ന വിവരം എസ്എഫ്‌ഐ മാര്‍ച്ച് തുടങ്ങുംമുമ്പേ സിപിഎം നേതൃത്വത്തിനും പോലീസിലെ ഉന്നതര്‍ക്കും അറിയാമായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു എം.പി ഓഫീസില്‍ പ്രവേശിക്കാനും അക്രമം നടത്താനും മൗനാനുവാദം നല്‍കിയതു പോലീസാണ്. അതേ പോലീസിന്റെ റിപ്പോര്‍ട്ടുകളിലാണ് എസ്.എഫ്.ഐയെ വെള്ളപൂശുന്നത്. പോലീസ് എടുത്തുവെന്ന് പറയുന്ന ചിത്രങ്ങളും വീഡിയോകളും വിശ്വാസയോഗ്യമല്ല. എം.പി ഓഫീസിനു സംരക്ഷണം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പോലീസിനെയും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ വ്യഗ്രത കാണിച്ച മുഖ്യമന്ത്രിയെയും സംരക്ഷിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് റിപ്പോട്ടുകളെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles