സിന്‍ഡിക്കേറ്റ് ബാങ്കില്‍ കര്‍ഷകന്റെ ആത്മഹത്യാശ്രമം

ജോബിയുടെ ആത്മഹത്യാശ്രമം പൊലീസും രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് തടയുന്നു

മാനന്തവാടി: സിന്‍ഡിക്കേറ്റ് ബാങ്കില്‍ കര്‍ഷകന്റെ ആത്മഹത്യാശ്രമം. പയ്യമ്പള്ളി കരിമ്പനാക്കുഴിയില്‍ ജോബിയാണ് ബാങ്കിനുള്ളില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഭാര്യയുടെ പേരില്‍ എസ്.ബി അകൗണ്ടില്‍ നിക്ഷേപിച്ച തുക പയ്യംമ്പള്ളിയിലെ കനറാ ബാങ്കിലെ ഭാര്യയുടെ വായ്പയിലേക്ക് കിഴിച്ചതാണ് പ്രതിഷേധത്തിനും ആത്മഹത്യാശ്രമത്തിനും ഇടയാക്കിയത്. ഒടുവില്‍ വൈകുന്നേരത്തോടെ കണ്ണൂര്‍ ഡിവിഷന്‍ മാനേജര്‍ ബാങ്കിലെത്തി പ്രശ്‌നം പരിഹരിച്ചു. ജോബിയുടെ ഭാര്യയുടെ പേരില്‍ പുതിയ വായ്പ അനുവദിക്കുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിക്കുകയും ചെയ്തു.
മക്കളുടെ പഠന ആവശ്യങ്ങള്‍ക്കായി ജോബി വാഴക്കൃഷി നടത്തി കിട്ടിയ 85000 രൂപ ഭാര്യ ദീപയുടെ പേരില്‍ മാനന്തവാടി നിന്‍ഡിക്കേറ്റ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. നിക്ഷേപിച്ച തുക തിരികെയെടുക്കാന്‍ ചെന്നപ്പോള്‍ പയ്യമ്പള്ളി കാനറാ ബാങ്കില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ദീപയുടെ പേരില്‍ ലോണുണ്ടെന്ന് പറഞ്ഞ് നിക്ഷേപിച്ച തുക ബാങ്ക് അധികൃതര്‍ പിടിച്ചു വെച്ചെന്ന് ജോബി പറയുന്നു. മകളുടെ പ്ലസ് വണ്‍ അഡ്മിഷനായി പണമെടുക്കാന്‍ ചെന്നപ്പോഴായിരുന്നു സംഭവം. ബഹളമായതോടെ രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടു വിഷയം സംസാരിച്ചു കൊണ്ടിരിക്കെ ജോബി അരയില്‍ കരുതിയ കയര്‍ എടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി. ഉടന്‍ പൊലീസും നേതാക്കളും ചേര്‍ന്ന് ജോബിയെ പിന്‍തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്
കണ്ണൂര്‍ ഡിവിഷന്‍ മാനേജര്‍ മദിപാനന്‍ മാനന്തവാടി ബാങ്കിലെത്തി നടത്തിയ ചര്‍ച്ചയില്‍ ജോബിയുടെ ഭാര്യയുടെ പേരില്‍ പുതിയ വായ്പ അനുവദിക്കുമെന്ന വ്യവസ്ഥയില്‍ പ്രതിഷേധം അവസാനിപ്പിച്ചു. നേതാക്കളായ ഇ.ജെ. ബാബു, വി.കെ.ശശിധരന്‍, കെ.സജീവന്‍, നിഖില്‍ പത്മനാഭന്‍ തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഇക്കഴിഞ്ഞ ജൂണ്‍ 13ാം തീയതിയാണ് മാനന്തവാടി സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോബി തുക നിക്ഷേപിച്ചത്. ഇരുപതാം തീയതിയാണ് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഭാര്യയുടെ ലോണിലേക്ക് തുക പിടിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles