കര്‍ണാടകയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ശക്തമാകാതെ കാലവര്‍ഷം

കല്‍പറ്റ:കബനിയുടെ തീരങ്ങളില്‍ തകര്‍ത്തുപെയ്യാന്‍ മടിച്ച് കാലവര്‍ഷം. വയനാടിന്റെ ഇതര ഭാഗങ്ങളില്‍ ഭേദപ്പെട്ട അളവില്‍ മഴ ലഭിക്കുമ്പോളാണ് പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കര്‍ണാടയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കാത്തത്. ചൊവ്വാഴ്ച രാവിലെ എട്ടിനു അവസാനിച്ച 24 മണിക്കൂറില്‍ 46.9 മില്ലി മീറ്ററാണ് ജില്ലയില്‍ പെയ്ത ശരാശരി മഴ. എന്നാല്‍ കബനി നദിയോടു ചേര്‍ന്നുള്ള മരക്കടവില്‍ 8.8 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. നിരവില്‍പ്പുഴ മട്ടിലയത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 133 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തി. മരക്കടവിനുടുത്തു കബനിഗിരിയില്‍ 15.5 മില്ലി മീറ്റര്‍ മഴ ലഭിച്ചു. മുള്ളന്‍കൊല്ലിയില്‍ 15.5 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്.
പൊഴുതന മേല്‍മുറി-56.7 മില്ലിമീറ്റര്‍, ലക്കിടി-89.3, കല്‍പറ്റ ഓണിവയല്‍-22, പനമരം-32, ചുളിക്ക എസ്റ്റേറ്റ്-38, അതിരാറ്റുകുന്ന്-41.4, മീനങ്ങാടി-38.2, പെരുന്തട്ട-40.50, അമ്പലവയല്‍-49.4, മേപ്പാടി പാലവയല്‍-61, മീനങ്ങാടി-32, പയ്യമ്പള്ളി-41, സുഗന്ധഗിരി-84, മാനന്തവാടി-34, പൂതാടി-41.1, വെങ്ങപ്പള്ളി-25.1, തരുവണ-33.6, തിരുനെല്ലി-53 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മാപിനികളില്‍ രേഖപ്പെടുത്തിയതാണ് ഈ മഴക്കണക്ക്.
ജില്ലയില്‍ ജൂണില്‍ പെയ്ത മഴയുടെ അളവില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു 65 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകൂട്ടിയതനുസരിച്ച് ജൂണില്‍ ജില്ലയില്‍ ശരാശരി 732.8 മില്ലി മീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാല്‍ 2022 ജൂണ്‍ ഒന്നു മുതല്‍ 30 വരെ ശരാശരി 251.2 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
ജില്ലയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ അന്തരമുണ്ടെന്നു ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ് പറഞ്ഞു. പടിഞ്ഞാറുഭാഗത്തുള്ള ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യര്‍മല, മേപ്പാടി, ചെമ്പ്രമല, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ മെച്ചപ്പെട്ട മഴ പെയ്യുമ്പോള്‍
കിഴക്കുഭാഗത്തു ഡക്കാന്‍ പീഠഭൂമിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കോരിച്ചൊരിയാന്‍ മടിക്കുകയാണ് മഴ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് മഴയുടെ അളവിലെ അന്തരത്തിനു കാരണമെന്നു വിഷ്ണുദാസ് പറഞ്ഞു. വര്‍ഷങ്ങളായി മഴയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും 2018, 2019 വര്‍ഷങ്ങളിലെ അതിതീവ്ര മഴയും ജില്ലയില്‍ പ്രകൃതദുരന്തങ്ങള്‍ക്കു കാരണമായിരുന്നു. അതിതീവ്രമഴയുടെ പരിണിതഫലമാണ് വന്‍ ഉരുള്‍പൊട്ടല്‍.
ഹ്യൂം സെന്റര്‍ 2020 ജൂണ്‍ മുതല്‍ ജില്ലയില്‍ മഴ പ്രവചനവും നടത്തുന്നുണ്ട്. ജില്ലയെ 25 ചതുരശ്ര കിലോമീറ്റര്‍ വീതം വലിപ്പമുള്ള ഭാഗങ്ങളായി തിരിച്ചാണ് മഴ സാധ്യത പ്രവചിക്കുന്നത്. മേഘങ്ങളുടെ വിന്യാസം, അന്തരീക്ഷ ആര്‍ദ്രത, കാറ്റിന്റെ ഗതി, ജില്ലയുടെ ഭൗമശാസ്ത്ര പ്രത്യേകതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് മഴ പ്രവചനം നടത്തുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles